'തെരുവ് കച്ചവടം നിയന്ത്രിക്കണം'
text_fieldsതലശ്ശേരി: പെരുകിവരുന്ന വഴിവാണിഭവും തെരുവിലെ ഉത്സവ സീസൺ കച്ചവടവും അടിയന്തരമായി നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. നിയമാനുസൃതം നികുതിയടച്ചും അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയും സ്ഥാപനങ്ങൾ നടത്തുന്ന സ്ഥിരം കച്ചവടക്കാർക്ക് ഏറെ നഷ്ടം വരുത്തുന്നതാണ് തെരുവോരത്തെ സീസൺ കച്ചവടം. ബദൽ സംവിധാനം നൽകാതെ പ്ലാസ്റ്റിക്കിന്റെ പേരിൽ വലിയ പിഴ ചുമത്തിയും നോട്ടീസ് അയച്ചും നഗരസഭാധികൃതർ വ്യാപാരികളെ ദ്രോഹിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും ഇവരെ ആശ്രയിച്ച് കഴിയുന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ വിഭാവനംചെയ്ത ആശ്രയ കുടുംബക്ഷേമ പദ്ധതിയുടെ യൂനിറ്റ് തല ഉദ്ഘാടനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരിക്കുള്ള സ്വീകരണവും ബുധനാഴ്ച വൈകീട്ട് ആറിന് ഗുഡ്സ്ഷെഡ് റോഡിലെ വ്യാപാരഭവനിൽ നടക്കും. ആശ്രയ പദ്ധതിയിൽ അംഗത്വമെടുത്ത വ്യാപാരി മരിച്ചാൽ അദ്ദേഹത്തിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ സഹായമായി അനുവദിക്കും. അംഗത്തിന് ഗുരുതരമായ രോഗം വന്നാലും മറ്റ് പ്രയാസങ്ങൾ നേരിട്ടാലും അഞ്ച് ലക്ഷം രൂപ സഹായം നൽകും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് കെ.കെ. മൻസൂർ, സെക്രട്ടറി പി.കെ. നിസാർ, ട്രഷറർ എം.കെ. രാജഗോപാലൻ, ബഷീർ പള്ളിയത്ത്, ഇർഷാദ് അബ്ദുല്ല, ടി. നൗഷൽ, വി.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.