സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചാൽ കർശന നടപടി-വനിത കമീഷൻ
text_fieldsതലശ്ശേരി: സമൂഹ മാധ്യമങ്ങൾ വഴി സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. ഒരു യുട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനെക്കുറിച്ച് പറയുന്നത് കമീഷൻെറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആ വിഡിയോ സമൂഹ മാധ്യമത്തിൽനിന്ന് നീക്കാനും ഡി.ജി.പി വഴി അതേക്കുറിച്ച് അന്വേഷണം നടത്താനുമുള്ള നടപടി സ്വീകരിക്കുമെന്നും പി. സതീദേവി പറഞ്ഞു. വനിത കമീഷൻ അധ്യക്ഷയായി ചുമതലയേറ്റ ശേഷമുള്ള ജില്ലയിലെ പ്രഥമ സിറ്റിങ്ങിനായി തലശ്ശേരിയിലെത്തിയതായിരുന്നു അവർ. 63 പരാതികളാണ് തലശ്ശേരി ടൗൺഹാളിൽ നടന്ന സിറ്റിങ്ങിലെത്തിയത്.
36 എണ്ണം പരിഗണിച്ചതിൽ അഞ്ചെണ്ണം തീർപ്പാക്കി. 18 എണ്ണത്തിൽ എതിർകക്ഷികൾ ഹാജരായില്ല. ഇതുമായി ബന്ധപ്പെട്ട എതിർകക്ഷികൾക്ക് ഹാജരാവാൻ പൊലീസിന് നിർദേശം നൽകി. 58 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.
തൊഴിലിടങ്ങളിൽ പരാതിപരിഹാര സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് പി. സതീദേവി പറഞ്ഞു. അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. തൊഴിൽ സ്ഥാപനങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട് കമീഷെൻറ മുന്നിലെത്തുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിർദേശം. അൺ എയ്ഡഡ് സ്കൂളുകളിൽ അധ്യാപികമാർക്ക് ശമ്പളം കിട്ടാത്ത അവസ്ഥയുണ്ട്. സേവനവേതന വ്യവസ്ഥകൾ പാലിക്കാത്ത തരത്തിലാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇതിനെതിരെ നടപടിയുണ്ടാവണം. ഗാർഹിക, തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരവധി പരാതികൾ വനിത കമീഷൻ മുമ്പാകെ എത്തുന്നുണ്ട്. ഇത്തരം പരാതികളിൽ വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വനിത കമീഷന് അംഗം ഇ.എം. രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ.പത്മജ പത്മനാഭന്, അഡ്വ.കെ.എം. പ്രമീള, അഡ്വ.കെ.പി. ഷിമ്മി തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത അദാലത്ത് പയ്യന്നൂരിൽ നവംബർ രണ്ടിന് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.