ലഹരിയൊഴുക്ക് തടയാൻ കർശന നടപടി; ടർഫുകളിൽ സമയക്രമീകരണത്തിന് ആലോചന
text_fieldsകണ്ണൂർ: സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്പന തടയാന്‍ പരിശോധന കര്‍ശനമാക്കാൻ നടപടിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരായ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കൂടുതല്‍ വനിത പൊലീസ് ഓഫിസര്‍മാരെ പരിശോധനാ സംഘങ്ങളിൽ ഉള്‍പ്പെടുത്തണമെന്നും വ്യാജമദ്യ ഉല്പാദനം, വിതരണം, അനധികൃത മദ്യക്കടത്ത് എന്നിവ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം നിര്‍ദേശിച്ചു.
ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെയും സ്കൂളുകള്‍ തുറന്നതിെൻറയും പശ്ചാത്തലത്തില്‍ എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. വ്യാജ, അനധികൃത മദ്യത്തിെൻറയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയാൻ ജില്ലയില്‍ കര്‍ശന പരിശോധനകള്‍ നടത്തി വരുകയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ.എസ്. ഷാജി അറിയിച്ചു.
എക്സൈസ് പ്രിവൻറിവ് ഓഫിസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂം എക്സൈസ് ഡിവിഷന് ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങി. താലൂക്ക് തല സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. എല്ലാ റേഞ്ച് ഓഫിസുകളില്‍നിന്നും ചുരുങ്ങിയത് രണ്ടുപേരെ ഉള്‍പ്പെടുത്തി ഇൻറലിജന്‍സ് ടീമും രംഗത്തുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അനധികൃത കടത്ത് തടയാൻ ചെക്ക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ യോഗത്തെ അറിയിച്ചു. കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നത് അവര്‍ വീണ്ടും ഈ മേഖലയില്‍ ശക്തിയാർജിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ജനകീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിമുക്തി മിഷെൻറ പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്തു. ഈവര്‍ഷം ജനുവരി മുതല്‍ നവംബര്‍ 30 വരെ 421 ബോധവത്കരണ പരിപാടികളാണ് ഓണ്‍ലൈനായും നേരിട്ടും നടത്തിയത്. ജില്ലയിലെ എല്ലാ ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറികളിലും 39 കോളജുകളിലും ലഹരിവിരുദ്ധ ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ 1529 വാര്‍ഡുകളില്‍ വാര്‍ഡുതല വിമുക്തി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ടര്‍ഫുകളുടെ സമയക്രമീകരണത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.
എ.ഡി.എം കെ.കെ. ദിവാകരെൻറ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നഗരസഭ അധ്യക്ഷരായ ബി. മുര്‍ഷിദ, ഡോ. കെ.വി. ഫിലോമിന, മദ്യനിരോധന സമിതി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഇരിട്ടി: മാരക ലഹരി ഗുളികകൾ കാറിൽ കേരളത്തിലേക്ക് കടത്തവേ യുവാവ് എക്സൈസ് പിടിയിൽ. കിളിയന്തറ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ താണ ഗവ. ആയുർവേദ ആശുപത്രിക്കടുത്ത് താമസിക്കുന്ന സി. ഹാഷിഫ് (41) പിടിയിലായത്.
ഇയാളിൽനിന്ന് 400 ട്രമഡോൾ ഗുളികകൾ പിടിച്ചെടുത്തു. ഗുളികകൾ കടത്തിക്കൊണ്ടുവന്ന കാറും കസ്റ്റഡിയിലെടുത്തു. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി, ടി.കെ. വിനോദൻ, ഒ. നിസാർ, ബാബുമോൻ ഫ്രാൻസിസ്, മധു പുത്തൻപറമ്പിൽ, കെ.രമീഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.