വിദ്യാർഥിക്ക് സേ പരീക്ഷ എഴുതാനായില്ല: വിദ്യാഭ്യാസമന്ത്രിക്ക് പരാതി
text_fieldsകണ്ണൂർ: വിദ്യാർഥിക്ക് സേ പരീക്ഷക്ക് അവസരം നഷ്ടപ്പെടുത്തിയ സംഭവത്തിൽ യൂത്ത് ലീഗ് നേതൃത്വം വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി നൽകി. കണ്ണൂർ സിറ്റി ഗവ. ഹൈസ്കൂളിലെ നിഹാദ് എന്ന വിദ്യാർഥിക്കാണ് സ്കൂൾ അധികൃതരുടെ അനാസ്ഥ മൂലം എസ്.എസ്.എല്‍.സി സേ പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കണ്ണൂർ മേഖല യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളാണ് വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. നേരത്തെ വിദ്യാര്‍ഥിയും രക്ഷിതാവും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രധാനാധ്യാപകെൻറ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ നിമിത്തമാണ് വിദ്യാർഥിയുടെ ഒരു വർഷം നഷ്ടമായത്. ഗുരുതര വീഴ്ച വരുത്തിയ പ്രധാനാധ്യാപകനെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഉറപ്പ് നല്കി. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. പ്രധാനാധ്യാപകനെതിരെ ഹൈകോടതിയിൽ ഹരജി നല്‍കുമെന്ന് വിദ്യാർഥിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.
ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ പി.എ. ഷാഹുല്‍ മണ്ണാര്‍ക്കാട്, യൂത്ത് ലീഗ് കണ്ണൂർ മേഖല പ്രസിഡൻറ് യൂനുസ് നീർച്ചാൽ, വിദ്യാർഥി നിഹാദ് എന്നിവരാണ് മന്ത്രിയെ കണ്ടത്. പ്രധാനാധ്യാപകനെതിരെ നടപടി സ്വീകരിക്കുന്നതുവരെ ശക്തമായ സമര പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടുപോകുമെന്ന് നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.