സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റേഷൻ യോഗം; ബസ് കണ്സഷന് കാർഡിന്റെ കാലാവധി ജൂൺ 30വരെ നീട്ടും
text_fieldsകണ്ണൂർ: വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡിന്റെ കാലാവധി ജൂൺ 30വരെ നീട്ടാൻ സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി എ.ഡി.എം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പുതിയ പാസ് ആവശ്യമുള്ള കുട്ടികളുടെ പട്ടിക ജൂൺ 30നകം ലഭ്യമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമർപ്പിക്കണം. സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള പാസ് ആർ.ടി.ഒ നൽകും. പ്ലസ് ടുവരെയുള്ളവർ അതത് സ്ഥാപനം നൽകുന്ന കാർഡ് കാണിക്കണം. ആർ.ടി.ഒ നൽകുന്ന കൺസഷൻ കാർഡിന്റെ വലുപ്പം ജില്ലയിൽ മാത്രമായി മാറ്റാൻ കഴിയില്ല.
ബസുകൾ സ്റ്റോപ്പുകളിൽ നിർത്തണം. കുട്ടികളെ വരിനിർത്തി കയറ്റുന്ന രീതി പാടില്ല. സ്കൂൾ സ്റ്റോപ്പിൽ വൈകുന്നേരങ്ങളിൽ കുട്ടികളെ നിയന്ത്രിക്കാൻ അധ്യാപകരെ നിയോഗിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകും. കുട്ടികളെല്ലാം ഒറ്റ ബസിൽ മാത്രമായി കയറുന്നത് നിയന്ത്രിക്കും.
ചട്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും 40 കിലോമീറ്ററാണ് ഇളവനുവദിക്കുക. കാർഡിന്റെ ദുരുപയോഗം തടയണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.
ബസുകൾ സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാർഥി സംഘടന പ്രതിനിധികൾ പറഞ്ഞു. ബസ് സ്റ്റാൻഡുകളിലെ എയ്ഡ് പോസ്റ്റുകളിൽ പൊലീസിനെ നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചു.
കോളജ് വിദ്യാഭ്യാസത്തിനുള്ള പ്രായപരിധിയെടുത്ത് കളഞ്ഞതായി കണ്ണൂർ സർവകലാശാല ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവിസസ് ഡോ. ടി.പി. നഫീസ ബേബി യോഗത്തെ അറിയിച്ചു.
സെമസ്റ്റർ സമ്പ്രദായമായതിനാൽ അവധി ദിവസങ്ങളിൽ പോലും ക്ലാസുകൾ നടക്കുന്നതായും വിദ്യാർഥികൾക്ക് ബസ് യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടെന്നും അവർ പറഞ്ഞു. പാരലൽ കോളജ് പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടന പ്രതിനിധികൾ, ജില്ലയിലെ വിവിധ ബസുടമകൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.