കണ്ണൂർ ഡയറ്റ് പഠന റിപ്പോർട്ട്: കുട്ടികൾ സമ്മർദത്തിലാണ്...
text_fieldsകണ്ണൂർ: 'ബാല്യ കൗമാരങ്ങൾ ഒരിക്കലും വീട്ടിലെ അടച്ചിരിപ്പ് ഇഷ്ടപ്പെടുന്നില്ല. അവരുടെ ആഗ്രഹം എത്രയും വേഗം വിദ്യാലയ മുറ്റത്തെത്തണമെന്നതാണ്. ഒപ്പം അധ്യാപകരുടെ സാന്നിധ്യവും അവർ ഏറെ ആഗ്രഹിക്കുന്നു'- 2020 വർഷത്തെ കോവിഡ് കാല വിദ്യാഭ്യാസത്തെക്കുറിച്ച് കണ്ണൂർ ഡയറ്റ് നടത്തിയ പഠനത്തിലാണ് കുട്ടികൾ അധ്യാപകരുടെ സാന്നിധ്യത്തെയും ക്ലാസിലിരുന്ന് പഠിക്കാനുള്ള ആഗ്രഹവും രേഖപ്പെടുത്തിയത്. കോവിഡ് കാലത്തെ ഡിജിറ്റൽ ക്ലാസുകളെ വിലയിരുത്തി തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കാനുള്ള കർമ പദ്ധതി തയാറാക്കാനാണ് ഡയറ്റ് പഠനം നടത്തിയത്.
വിദ്യാലയം ഉടൻ തുറക്കാൻ 94 ശതമാനം രക്ഷിതാക്കളും 85 ശതമാനം കുട്ടികളും ആഗ്രഹിക്കുന്നതായാണ് പഠനം വ്യക്തമാക്കിയത്. ഡിജിറ്റൽ ക്ലാസുകളുടെ വേഗതയും അവർ ഉപയോഗിക്കുന്ന ഭാഷയും രക്ഷിതാക്കൾക്ക് പിന്തുണ നൽകാനാവാത്തതും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വലിയ പ്രശ്നം സൃഷ്ടിക്കുന്നു. ഡിജിറ്റൽ സൗകര്യം ഉണ്ടായിട്ടും മുഴുവൻ ക്ലാസുകൾ കാണാത്ത കുട്ടികളുണ്ട്. മുഴുവൻ ക്ലാസുകളും കണ്ടത് 42 ശതമാനം കുട്ടികൾ മാത്രമാണ്. രക്ഷിതാക്കളുടെ ഇടപെടൽ സമ്മർദമുണ്ടാക്കുന്നുവെന്ന് 19 ശതമാനം കുട്ടികൾ വ്യക്തമാക്കി. വീടുകളിൽ അമ്മമാരുടെ പിന്തുണയാണ് 90 ശതമാനം കുട്ടികൾക്കും ലഭിക്കുന്നത്. അച്ഛന്മാരുടെ പിന്തുണ വളരെ കുറവാണെന്നും പഠനം പറയുന്നു.
കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചുവരുന്നുണ്ട്. മൊബൈൽ ഫോൺ നിയന്ത്രണാതീതമാകയാൽ രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. അധ്യാപകർ മികച്ച പിന്തുണ നൽകുന്നുണ്ടെന്നാണ് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടത്. എന്നാൽ, കുട്ടികളിലെ പഠന താൽപര്യം കുറഞ്ഞു. 53 ശതമാനം കുട്ടികളിലും അലസത വർധിച്ചു. പഠന ഗൗരവം കുറഞ്ഞതായാണ് രക്ഷിതാക്കളുടെ നിലപാട്. കുട്ടികളുടെ പഠന മികവ് കൃത്യമായി വിലയിരുത്താനായില്ലെന്ന് 83 ശതമാനം അധ്യാപകരും അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. 81 ശതമാനം രക്ഷിതാക്കളും ആഗ്രഹിക്കുന്നത് അധ്യാപകർ തന്നെ ക്ലാസെടുക്കണമെന്നാണ്.
ഒാൺലൈൻ ഡിജിറ്റൽ സാേങ്കതിക വിദ്യ ഉപയോഗിക്കുന്നതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിവ് വർധിച്ചിട്ടുണ്ടെങ്കിലും നെറ്റ്വർക്ക് ലഭ്യതക്കുറവ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഭിന്നശേഷി കുട്ടികൾക്കും ഡിജിറ്റൽ പഠന രീതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും പഠനത്തിൽ പങ്കാളികളായി. 3843 വിദ്യാർഥികളും 1934 രക്ഷിതാക്കളും 1039 അധ്യാപകരും സർവേയിൽ പെങ്കടുത്തു.
പ്രശ്നങ്ങൾക്ക് പരിഹാരം
കണ്ടെത്തിയ അക്കാദമിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ ഡയറ്റ് ആസൂത്രണം ചെയ്തു. കുട്ടികൾക്ക് നൽകേണ്ട പിന്തുണ, മൊബൈൽ ഫോൺ ഉപയോഗം, അധ്യാപക രക്ഷാകർതൃ ബന്ധം എന്നീ മേഖലയുമായി ബന്ധപ്പെടുത്തി 'വീടാണ് വിദ്യാലയം 2.0' രക്ഷിതാക്കൾക്ക് പരിശീലനം, ഡിജിറ്റൽ സാേങ്കതിക വിദ്യയിൽ അധ്യാപകർക്ക് കൂടുതൽ പരിശീലനം എന്നിവ നൽകും. കണ്ടെത്തിയ പൊതു പ്രശ്നങ്ങൾ മേലധികാരികളുടെ ശ്രദ്ധയിൽപെടുത്തി പരിഹാര പ്രവർത്തനങ്ങൾക്ക് രൂപം നൽകും.
അധ്യാപകരുടെ ഇടപെടലും പിന്തുണയും കൂടുതൽ ശക്തിപ്പെടുത്തും. കണ്ണൂർ ഡയറ്റിലെ സീനിയർ ലെക്ചറർമാരായ ഡോ. ഗോപിനാഥൻ, ഡോ. കെ.പി. രാജേഷ്, ലെക്ചറർ കെ. ബീന എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഠന റിപ്പോര്‍ട്ട് അവതരണത്തിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ നിർവഹിച്ചു.
കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലെക്ചറര്‍ ഡോ. കെ.പി. ഗോപിനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ് ബാബു, യു.പി. ശോഭ, ജില്ല പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ. വിനോദ് കുമാര്‍, ഡി.പി.എസ് കെ.ടി.പി. അശോകന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.