മലയോരത്ത് പര്യടനം നടത്തി സുധാകരനും ജയരാജനും
text_fieldsകണ്ണൂർ: കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനും എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജനും മലയോര മേഖലയിൽ പര്യടനം നടത്തി.
സുധാകരൻ രാവിലെ പയ്യാവൂര്‍ മേഖലയിലും വൈകീട്ട് ഉളിക്കല്‍, ഇരിക്കൂർ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലും പര്യടനം നടത്തി. പയ്യാവൂരിലെ വ്യാപാര സ്ഥാപനങ്ങൾ, കോണ്‍വെന്റ്, കോളജുകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു വോട്ടര്‍മാരെ നേരില്‍കണ്ടു.
പഞ്ചായത്ത് ഓഫിസ്, ബസ് സ്റ്റാന്‍ഡ് പരിസരം, സെന്റ് ആൻഡ് വിസിറ്റേഷന്‍ കോണ്‍വെന്റ് പയ്യാവൂര്‍, പയ്യാവൂര്‍ മേഴ്സി ഹോസ്പിറ്റല്‍ ആൻഡ് കോണ്‍വെന്റ്, പയ്യാവൂര്‍ ശിവക്ഷേത്രം, ഉറഹാ ഭവന്, ഹയാത്തുല്‍ ഇസ് ലാം മദ്റസ പയ്യാവൂര്‍, സെന്റ് ആന്‍സ് പാരിഷ്ഹാള്‍ (പയ്യാവൂര്‍ ടൗണ്‍ പള്ളി) തുടങ്ങിയവ സന്ദർശിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി ആയിരങ്ങള്‍ പങ്കെടുത്ത നൈറ്റ് മാര്‍ച്ചും ശ്രീകണ്ഠപുരത്ത് നടന്നു.
ജയരാജൻ പേരാവൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വ്യാഴാഴ്ച വോട്ടഭ്യർഥിച്ചെത്തി. ഇരിട്ടിയിൽ നിന്ന് തുടങ്ങിയ പര്യടനം മാടത്തിൽ, വിളമന, പെരിങ്കരി, കിളിയന്തറ, മൊടയരഞ്ഞി, ചരൾ, വാണിയപ്പറാത്തട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് രണ്ടാകടവിലെത്തി.
തുടർന്ന് ഉറുപ്പുംകുറ്റി, ആനപ്പന്തി, മുണ്ടയാപറമ്പ് എന്നിവിടങ്ങളും സന്ദർശിച്ചു. മൊടയഞ്ചേരി സെന്റ് ജോസഫ് ഓൾഡേജ് ഹോം, വിളമന പ്രൊവിഡൻസ് ഹോം, വിളമന സെന്റ് ജൂഡ് ചർച്ച്, കരിക്കോട്ടക്കരി ജുമാ മസ്ജിദ്, മുണ്ടയാപറമ്പ് ഭഗവതി ക്ഷേത്രം, മുടയറഞ്ഞി വൃദ്ധസദനം, അടിയേരി മഠം, മലബാർ ബി.എഡ് കോളജ്, ആയോത്തുംചാൽ ക്ലോത്തിങ് സൊല്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ചു.
മലയാംപടിയും കൊളക്കാടും പരാവൂർ ടൗണിലും വോട്ടർമാരെ കണ്ട ശേഷം പേരാവൂർ ടൗണിൽ നടന്ന നൈറ്റ് മാർച്ചിലും പങ്കെടുത്തു.
തെരഞ്ഞെടുപ്പ്: ഇരിട്ടിയിൽ കേന്ദ്രസേനയെത്തി
ഇരിട്ടി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി ഇരിട്ടിയിൽ കേന്ദ്രസേനയെത്തി. ഡൽഹിയിൽ നിന്ന് 80 പേരടങ്ങുന്ന സി.ആർ.പി.എഫിന്റെ ഒരു കമ്പനിയാണ് വ്യാഴാഴ്ച ഇരിട്ടിയിലെത്തിയത്. രാവിലെ കണ്ണൂരിലെത്തിയ സേനയെ ഇവിടെനിന്ന് ഇരിട്ടിയിൽ എത്തിക്കുകയായിരുന്നു.
ഇരിട്ടി പൊലീസ് സബ് ഡിവിഷൻ പരിധിയിലെ സുരക്ഷക്കായാണ് ഇവരെ വിന്യസിക്കുക. പ്രശ്ന ബാധിത ബൂത്തുകളിൽ സായുധരായ കേന്ദ്രസേനയുടെ സുരക്ഷയുണ്ടാകും. ക്രമസമാധാന പ്രശ്നങ്ങൾ, സുരക്ഷാ ഭീഷണികൾ നേരിടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇവരുടെ ഇടപെടലുണ്ടാകും.
കടത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇവർക്കുള്ള സൗകര്യങ്ങൾ ഇരിട്ടി പൊലീസിന്റെ നേതൃത്വത്തിൽ ഒരുക്കിയത്.
ഉണ്ണിത്താന്റെ രണ്ടാംഘട്ട പര്യടനം 30ന്
പയ്യന്നൂർ: യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ ചേർന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം പരിപാടികൾ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി 30ന് പയ്യന്നൂരിൽ നടക്കുന്ന സ്ഥാനാർഥിയുടെ രണ്ടാംഘട്ട പര്യടനം വിജയമാക്കാനും എല്ലാ ബൂത്തുകളിലും കുടുംബയോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു. എസ്.എ. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി സൈമൺ അലക്സ്, കെ.പി. കുഞ്ഞിക്കണ്ണൻ, കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, എ. ഗോവിന്ദൻ നായർ, കെ. ജയരാജ്, മഹേഷ് കുന്നുമ്മൽ, കെ.കെ. അഷറഫ്, ബി. സജിത് ലാൽ, കെ.വി. കൃഷ്ണൻ, വി.പി. സുഭാഷ്, എം.കെ.രാജൻ, എ.പി.നാരായണൻ, അഡ്വ. ഡി.കെ. ഗോപിനാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.