ലഹരിക്കെതിരെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കാൻ നിർദേശം
text_fieldsകണ്ണൂർ: വിദ്യാർഥികൾ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ പൊലീസിന്റെ പങ്കാളിത്തത്തോടെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ പറഞ്ഞു. പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് ബാലാവകാശ കമീഷൻ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളുടെ നടത്തിപ്പിൽ തദ്ദേശ സ്ഥാപനങ്ങളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ഒത്തുചേർന്ന് പ്രവർത്തിക്കണം. രക്ഷിതാക്കളുടെ നിരന്തര ഇടപെടൽ സ്‌കൂളുകളിൽ ഉണ്ടായാൽ ലഹരി മാഫിയയെ അകറ്റാനാവും. ലഹരി ഉപയോഗം ഉൾപ്പെടെ വിദ്യാർഥികളുടെ കാര്യത്തിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ പൊലീസിനെ അറിയിക്കാൻ മടിക്കരുത്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ 'ഹോപ്' ഉൾപ്പെടെയുള്ള പദ്ധതികൾ പൊലീസ് നടപ്പിലാക്കുന്നുണ്ട്. വിദ്യാർഥികൾ സ്‌കൂളിൽ വരുന്നതിന്റെയും പോകുന്നതിന്റെയും വിവരങ്ങൾ സ്‌കൂളുകളിൽ സൂക്ഷിക്കണം. സ്‌കൂളുകളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റുകൾ ആരംഭിക്കുന്നത് വലിയ മാറ്റംവരുത്തും. സംസ്ഥാനത്തെ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ണൂർ ജില്ലയിൽ പോക്‌സോ കേസുകൾ കുറവാണ്. ചില പോക്‌സോ കേസുകളിൽ കുട്ടികൾ മുതിർന്നവരുടെ ഉപകരണങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കിടയിൽ പ്രവർത്തിക്കാനുള്ള ഗ്രൂപ്പുകൾ രൂപവത്കരിച്ചുവരുന്നതായി ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ജോസഫ് പറഞ്ഞു. ഒരുവിധം എല്ലാ കുറ്റകൃത്യങ്ങളുടെയും പിന്നിൽ ലഹരി ഉപയോഗിക്കുന്നവരാണ്. 80 മുതൽ 85 ശതമാനം വരെ പോക്‌സോ കേസുകൾ ശിക്ഷിക്കപ്പെടാതെ കോടതിയിൽ ഒത്തുതീർപ്പാക്കപ്പെടുന്നതായി അവർ പറഞ്ഞു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇതിനെതിരെ കുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കണം. കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിക്കണം. പോക്‌സോ കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു.
പോക്‌സോ കേസുകളിൽ ലഹരിയുടെ സ്വാധീനം പരിശോധിക്കപ്പെടണമെന്ന് ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ പറഞ്ഞു. ജില്ലയിൽ 90 ശതമാനം പോക്‌സോ കേസുകളിലും കുറ്റപത്രം നൽകിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമീഷൻ അംഗം അഡ്വ. ശ്യാമളാദേവി അധ്യക്ഷയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.