Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവേനൽ കത്തുന്നു; തീ...

വേനൽ കത്തുന്നു; തീ പടരാതിരിക്കാൻ ശ്രദ്ധിക്കാം

text_fields
bookmark_border
വേനൽ കത്തുന്നു; തീ പടരാതിരിക്കാൻ ശ്രദ്ധിക്കാം
cancel

കണ്ണൂർ: വേനൽചൂട് കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീ പടരുകയാണ്. വ്യാഴാഴ്ച ജില്ലയിൽ ആറളം ഫാമിലടക്കം ഏഴോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. കണ്ണൂരിൽ പാളത്തിന് സമീപമുണ്ടായ തീപിടിത്തത്തെ തുടർന്ന് ട്രെയിനടക്കം പിടിച്ചിട്ടിരുന്നു. തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തിന് കീഴിൽ അഞ്ചിടങ്ങളിലാണ് ഒരേസമയം തീപിടിത്തമുണ്ടായത്. എല്ലായിടത്തും അഗ്നിരക്ഷ സേനക്ക് എത്തിച്ചേരാൻ പറ്റാത്ത സ്ഥിതിയായി. തീ പടർന്നയിടങ്ങളിൽ കൃത്യമായ വഴിയില്ലാത്തതും സേനയുടെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നഗരത്തിൽ നാലിടത്ത് തീപിടിത്തമുണ്ടായതിനാൽ അഗ്നിശമനസേനാംഗങ്ങൾക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു വ്യാഴാഴ്ച. വേനൽ കനക്കുന്നതോടെ പുൽമേടുകളും അടിക്കാടുകളും ഉണങ്ങി കത്താനുള്ള സാധ്യതയേറെയാണ്. ജില്ലയിൽ മാടായിപ്പാറ, ചാലക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ അഗ്നിബാധ നിത്യസംഭവമാണ്.

ഏക്കർകണക്കിന് പുൽമേടുകളാണ് വർഷാവർഷം മാടായിപ്പാറയിൽ കത്തുന്നത്. വ്യാഴാഴ്ച നിടിയേങ്ങ കക്കണ്ണൻ കലാഗ്രാമത്തിന് സമീപം 200 ഏക്കറോളം സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഉച്ച ഒരുമണിയോടെയാണ് ഇവിടെ തീ പടർന്നത്. ഉച്ചസമയത്ത് തീയിടുമ്പോൾ പടരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. ഇതോടെ ഇത് കൂടുതൽ സ്ഥലത്ത് വ്യാപിക്കും.

ചപ്പുചവറുകളും മാലിന്യവും കൂട്ടിയിടുന്നതും തീ പടരാൻ കാരണമാകും. കലാഗ്രാമത്തിന് സമീപത്തെ അഗ്നിബാധയിൽ കശുമാവ് ഉൾപ്പെടെയുള്ള വിളകളും വൃക്ഷങ്ങളും കത്തിനശിച്ചിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുന്ന ഉച്ച സമയങ്ങളിലാണ് തീപിടിത്തത്തിനും പടരാനുമുള്ള സാധ്യത ഏറെ. പുൽമേടുകളും അടിക്കാടുകളും തുടങ്ങി വീടുകളും കടകളും വാഹനങ്ങളും അഗ്നിക്കിരയാവുകയാണ്. കഴിഞ്ഞയാഴ്ച, ഓടുന്ന ബൈക്കിന് തീപിടിച്ച് യാത്രികനായ യുവാവ് പൊള്ളലേറ്റ് മരിച്ചിരുന്നു.

ഷോർട്ട് സർക്യൂട്ടും അടുക്കളയിൽനിന്നും തീപടരുന്നതും വൈദ്യുതി ഉപകരണങ്ങൾ വിച്ഛേദിക്കാത്തതുമെല്ലാം വീടിനുള്ളിൽ തീപടരാൻ കാരണമാണ്. മാലിന്യാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതും ഷോർട്ട് സർക്യൂട്ടുമാണ് മിക്കയിടത്തും തീപിടിത്തത്തിന് കാരണമാകുന്നത്.

വാഹനങ്ങൾ കത്തുന്നതും വർധിച്ചിട്ടുണ്ട്. പഴയ വാഹനങ്ങൾ യഥാസമയം സർവിസ് നടത്തി വയറിങ് അടക്കം പരിശോധിക്കണം. വീടുകളിൽ ഇലക്ട്രിക്കൽ വയറിങ്ങിന് താങ്ങാവുന്നതിൽ അധികം ലോഡ് വരുമ്പോൾ കത്താനുള്ള സാധ്യത ഏറെയാണ്. വാഹനങ്ങളിലും ഇതേ അവസ്ഥയാണ്. എവിടെയും തുടക്കത്തിൽ തീ പടരുന്നത് തടയുകയെന്നതാണ് പ്രധാനം. അശ്രദ്ധമൂലമുണ്ടാകുന്ന വലിയ അഗ്നിബാധകൾ അഗ്നിരക്ഷസേനക്കുപോലും നിയന്ത്രിക്കാനാവാതെവരും.

അശ്രദ്ധ ദുരന്തത്തിലേക്ക് നയിക്കും-ബി. രാജ് (ജില്ല ഫയർ ഓഫിസർ)

പലപ്പോഴും ജനങ്ങളുടെ അശ്രദ്ധയാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. ചപ്പുചവറുകൾ പാതയോരങ്ങളിലടക്കം കൂട്ടിയിടുകയാണ്. തുടർന്ന് ഉച്ചക്കുള്ള ചൂടുകാറ്റിലടക്കം ഈ മാലിന്യ കൂനയിൽ നിന്ന് തീപടരുന്ന കാഴ്ച നിത്യസംഭവമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 16 ഇടങ്ങളിലാണ് അഗ്നിബാധയുണ്ടായത്. മലയോര മേഖലകളിലാണ് തീപിടിത്തം കൂടുതലായും സംഭവിക്കുന്നത്. മാലിന്യ കൂനക്ക് സമീപം വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് വൻ ദുരന്തങ്ങളിലേക്കാണ് നയിക്കുക. വേനൽ കനത്തതോടെ തീപിടിത്തം വർധിക്കുന്ന സാഹചര്യത്തിൽ അഗ്നിരക്ഷസേന സുരക്ഷ മുന്നൊരുക്കം സ്വീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer hotfire
News Summary - Summer is burning Be careful not to spread the fire
Next Story