കാലംതെറ്റി മഴയെത്തി; കുടിവെള്ളക്ഷാമത്തിന് പരിഹാരം
text_fieldsകണ്ണൂർ: വേനലിെൻറ കാഠിന്യം കുറക്കാൻ വേനൽമഴയെത്തിയപ്പോൾ കുടിവെള്ളക്ഷാമത്തിന് പരിഹാരം. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നാണ് മേയിൽ മഴ കനത്തത്. കാലവർഷത്തിന് സമാനമായ മഴയാണ് ജില്ലയിലുണ്ടായത്. പ്രതീക്ഷിച്ചതിലും 200 ശതമാനത്തിലധികം മഴയാണ് ലഭിച്ചത്. കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് മഴക്കാലത്തേതിന് സമാനമായി ഉയർന്നത് ആശ്വാസമായി. ഇത്തവണ പൊതുവെ ശക്തമായ മഴയാണ് വേനലിൽ ലഭിച്ചത്. മാർച്ച് ഒന്നു മുതൽ മേയ് 16 വരെ 45.37 സെ.മി. മഴയാണ് ജില്ലയിൽ ലഭിച്ചത്.
സാധാരണയായി 20 സെ.മിയിൽ താഴെ മാത്രമാണ് മഴ ലഭിക്കാറുള്ളത്. വർഷങ്ങൾക്ക് ശേഷമാണ് വേനൽമഴ ഇത്ര ശക്തമായി ലഭിക്കുന്നതെന്ന് പ്രായമായവർ പറയുന്നു. സംസ്ഥാനത്തുതന്നെ ശക്തമായ മഴ ലഭിച്ചത് കണ്ണൂരിലാണ്. മുൻ വർഷത്തെ കണക്കുകൾ നോക്കുേമ്പാൾ കഴിഞ്ഞവർഷവും ഈ വർഷവും കുടിവെള്ളക്ഷാമം കുറവായിരുന്നു. കഴിഞ്ഞവർഷം ലോക്ഡൗണിൽ ജനം വീട്ടിലിരുന്നപ്പോൾ കുടിവെള്ള ക്ഷാമം അലട്ടിയില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കുടിവെള്ളക്ഷാമവും കൂടി വരുകയാണെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലായേനെ. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും വളൻറിയർമാരുമടക്കം കോവിഡ് പ്രതിരോധത്തിനായുള്ള ഒാട്ടത്തിലാണ്. അതിനിടയിൽ കുടിവെള്ള വിതരണം കൂടി നടത്തേണ്ടി വന്നിരുന്നെങ്കിൽ ഏറെ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.
വേനൽമഴ ശക്തമായതോടെ മലയോരമേഖലയിലും തീരപ്രദേശത്തുമടക്കം കുടിെവള്ളക്ഷാമം കാര്യമായി വെല്ലുവിളിയായില്ല. രണ്ടു വർഷം മുമ്പുവരെ ഏപ്രിൽ, മേയ് മാസങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളത്തിനായുള്ള ഓട്ടപ്പാച്ചിലിലായിരുന്നു. വെള്ളം വിതരണം ചെയ്യാനായി കൂടുതൽ ഫണ്ട് ഉപയോഗിക്കൽ അടക്കമുള്ള കാര്യങ്ങളിലും സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ മാസം വൈകുന്നേരങ്ങളിൽ പലയിടത്തും മഴ ലഭിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ പെയ്ത മഴയിൽ കിണറുകൾ അടക്കം നിറഞ്ഞിരിക്കുകയാണ്. വയലുകളിലും പുഴകളിലും ജലനിരപ്പുയർന്നു. ചെറു അണക്കെട്ടുകൾ അടക്കം തുറന്നുവിടുന്ന സാഹചര്യവും ജില്ലയിലുണ്ടായി. കാലവർഷവും തുലാവർഷവും കൂടി കാര്യമായി ലഭിച്ചാൽ അടുത്തവർഷവും കുടിവെള്ളക്ഷാമം ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് കണ്ണൂരുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.