മിച്ചഭൂമി പട്ടയ പ്രശ്നത്തിന് പരിഹാരം കാണും -മന്ത്രി
text_fieldsകണ്ണൂർ: മിച്ചഭൂമി പട്ടയ പ്രശ്നത്തില്‍ വേഗത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. രാജന്. വിഷന്‍ ആൻഡ് മിഷന് 2021-26 ന്റെ ഭാഗമായ നാലാമത് ജില്ല റവന്യൂ അസംബ്ലിയില്‍ എം.എല്‍.എമാര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി പലതും പാറക്കെട്ടും കുന്നിന്പുറവുമൊക്കെയാണെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.
പലയിടത്തും മിച്ചഭൂമിയില്‍ കൈയേറ്റവും നടക്കുന്നുണ്ടെന്ന് അംഗങ്ങള്‍ അസംബ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍/പുനരധിവാസം സംബന്ധിക്കുന്ന ചട്ടം 13 പ്രകാരം നിരവധി വകുപ്പുകളുടെ അനുമതി വേണം.
പ്രളയ റോഡുകളുടെ നിർമാണ പ്രവൃത്തികളിലും നിരവധി തടസങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഏകീകരണ സ്വഭാവം ഉണ്ടാവുന്നതിന് വീണ്ടും കേന്ദ്രമന്ത്രിയെ കാണുമെന്നും മന്ത്രി കെ. രാജന് പറഞ്ഞു. സിറ്റി റോഡിന് സ്ഥലമേറ്റെടുക്കുമ്പോള്‍ പൊളിച്ചു നീക്കേണ്ടിവരുന്ന വില്ലേജ് ഓഫിസുകള്‍ക്ക് പകരം ഭൂമി കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എം.എല്‍.എമാരായ ടി.ഐ. മധുസൂദനന്, കെ.പി. മോഹനന്, സജീവ് ജോസഫ്, കെ.വി. സുമേഷ്, അഡ്വ. സണ്ണി ജോസഫ്, എം. വിജിന് തുടങ്ങിയവര്‍ മണ്ഡലങ്ങളിലെ ആവശ്യങ്ങളും ജില്ലയിലെ വിഷയങ്ങളും അസംബ്ലിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു.
ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് ജില്ലയുടെ പൊതുവിവരം ഡിജിറ്റലായി അവതരിപ്പിച്ചു. സിറ്റി റോഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടെന്ന് കലക്ടര്‍ സൂചിപ്പിച്ചു. കാലതാമസമില്ലാതെ സ്ഥലമേറ്റെടുപ്പ് നടക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിർദേശിച്ചു.
വൈകിയാല്‍ 7.41 കോടിയുടെ സിറ്റി റോഡ് പദ്ധതി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിവരുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ-ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യു കമീഷണര്‍ ഡോ. എ. കൗശികന്, ജോ. കമീഷണര്‍ എ. ഗീത, സർവേ ഡയറക്ടര്‍ സീറാം സാംബശിവ റാവു തുടങ്ങിയവർ റവന്യൂ അസംബ്ലിയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.