42,400 ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തിയായി
text_fieldsകണ്ണൂർ: ജില്ലയിൽ 42,400 ഹെക്ടർ ഭൂമിയുടെ ഡിജിറ്റൽ ലാൻഡ് സർവേ പൂർത്തിയായി. 2,39,500 കൈവശങ്ങളാണ് ഇതുവരെ അളന്ന് തിട്ടപ്പെടുത്തിയത്.
ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളിൽ മുഴുവൻ വില്ലേജുകളുടെയും ഫീൽഡ് ജോലി പൂർത്തീകരിച്ച് പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട എടക്കാട്, അഴീക്കോട് നോർത്ത്, പാപ്പിനിശ്ശേരി, ചിറക്കൽ, കല്യാശ്ശേരി, വലിയന്നൂർ, ധർമടം, കീഴല്ലൂർ, എരഞ്ഞോളി, കേളകം, കീഴൂർ, ചുഴലി, തളിപ്പറമ്പ്, പെരളം എന്നീ 14 വില്ലേജുകളിൽ 11 വില്ലേജുകളുടെ ഫീൽഡ് ജോലി ആരംഭിച്ചു. രണ്ട് വില്ലേജുകളുടേത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒന്നാം ഘട്ടത്തിൽ 30,000 ഹെക്ടറും രണ്ടാം ഘട്ടത്തിൽ 26,000 ഹെക്ടറും ഉൾപ്പെടെ ആകെ 56000 ഹെക്ടർ ഭൂമിയാണ് ഡിജിറ്റൽ സർവേ ചെയ്യാനുള്ളത്. ഡിജിറ്റൽ സർവേ പ്രവർത്തനം സമയബന്ധിതമായും കുറ്റമറ്റ രീതിയിലും പൂർത്തീകരിക്കുന്നതിന് മുഴുവൻ കൈവശക്കാരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഡിജിറ്റൽ സർവേ സമയത്ത് ഒ.ടി.പി വെരിഫൈ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ബന്ധപ്പെട്ട കൈവശഭൂമിയുടെ വിസ്തീർണവും സ്കെച്ചും പേരുവിവരങ്ങളും ‘എന്റെ ഭൂമി’ പോർട്ടലിൽ ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്.
അഴീക്കോട് നോർത്ത് വില്ലേജിൽ ഡിജിറ്റൽ ലാൻഡ് സർവേ തുടങ്ങി. ജില്ല കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അധ്യക്ഷത വഹിച്ചു. സർവേ ഡെപ്യൂട്ടി ഡയറക്ടർ വി.ഡി. സിന്ധു, റീസർവേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്, പയ്യന്നൂർ റീസർവേ സൂപ്രണ്ട് കെ. ബാലകൃഷ്ണൻ, ഹെഡ് സർവേയർ പി. വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.