കൊട്ടിയൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു
text_fieldsകേളകം: കൊട്ടിയൂരിലെ നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. നെല്ലിയോടിയിലെ എം.ടി. കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സ്വൈൻ ഫീവർ) സ്ഥിരീകരിച്ചതായി ജില്ല മൃഗ സംരക്ഷണ ഓഫിസർ അറിയിച്ചു.
ഈ സാഹചര്യത്തിൽ ഈ ഫാമിലെയും മേഖലയിലെ മറ്റു രണ്ടു ഫാമുകളിലെയും ഉൾപ്പെടെ 190 പന്നികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. തീറ്റ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയും ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുകയും ചെയ്യണം. കൂടാതെ സൗമ്യ തോമസ്, ജോസഫ് എന്നിവരുടെ ഫാമുകളിലെ പന്നികളെയും ഉൻമൂലനം ചെയ്യാനാണ് തീരുമാനിച്ചത്.
രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
കൊട്ടിയൂർ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽനിന്ന് മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ല മൃഗസംരക്ഷണ ഓഫിസർക്ക് നിർദേശം നൽകി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. നടപടി ക്രമങ്ങൾ തീരുമാനിക്കാൻ കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു.
ജില്ല മൃഗ സംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത്, ചീഫ് വെറ്ററിനറി സർജൻ പി. ബിജു, എ.ഡി.സി.പി ജില്ല കോഓഡിനേറ്റർ കെ.എസ്. ജയശ്രീ, സീനിയർ വെറ്ററിനറി സർജൻ ഡോ. പി.എൻ. ഷിബു, വെറ്ററിനറി സർജൻ ഡോ. അഞ്ജു മേരി ജോൺ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഇ.എം. നാരായണൻ കേളകം എസ്.ഐ. എം. രമേശൻ, കൊട്ടിയൂർ വില്ലേജ് ഓഫിസർ പി.എം. ഷാജി, ഫയർ ഓഫിസർ മിഥുൻ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോർജ്, പഞ്ചായത്തംഗങ്ങളായ ബാബു മാങ്കോട്ടിൽ, ജോണി ആമക്കാട്ട്, ബാബു കാരുവേലിൽ, ജെസി ഉറുമ്പിൽ മറ്റും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.