തളിപ്പറമ്പിലെ ഭിന്നത: അച്ചടക്ക നടപടിയുമായി ലീഗ് ജില്ല നേതൃത്വം
text_fieldsകണ്ണൂർ: തളിപ്പറമ്പിൽ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി മുസ്ലിം ലീഗ് ജില്ല നേതൃത്വം. പാർട്ടി അച്ചടക്കത്തിനുവിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ജില്ല മുസ്ലിം ലീഗ് ഓഫിസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത തളിപ്പറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ മുസ്ലിം ലീഗ് ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിക്ക് സമാന്തരമായി കമ്മിറ്റി രൂപവത്കരിക്കുകയും അതു വാർത്തസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തതിന് പി.എ. സിദ്ദീഖ് (ഗാന്ധി), കെ. മുഹമ്മദ് ബഷീർ, പി.എം. മുസ്തഫ, പി.പി. ഇസ്മയിൽ, സി. മുഹമ്മദ് സിറാജ് എന്നിവരെയും ജില്ല മുസ്ലിം ലീഗ് കമ്മിറ്റി ഓഫിസിൽ കയറി കുഴപ്പമുണ്ടാക്കുകയും നേതാക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിെൻറ പേരിൽ പറമ്പിൽ അബ്ദുറഹ്മാൻ, എൻ.യു. ശഫീക്ക് മാസ്റ്റർ, ഓലിയൻ ജാഫർ, കെ.പി. നൗഷാദ്, ബപ്പു അഷ്റഫ് എന്നിവരെയും പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യാൻ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയോട് ശിപാർശ ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗിന് സമാന്തരമായി പ്രഖ്യാപിക്കപ്പെട്ട കമ്മിറ്റി ഭാരവാഹികളോട് ബന്ധപ്പെട്ട സ്ഥാനങ്ങൾ രണ്ടു ദിവസത്തിനകം രാജിവെച്ച് ജില്ല കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യാനും അല്ലാത്തപക്ഷം അവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു.
തളിപ്പറമ്പിലെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അള്ളാംകുളം മഹമൂദ്, പി.കെ. സുബൈർ, സി.പി.വി. അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാൽ എന്നിവർക്ക് അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഷോക്കോസ് നോട്ടീസ് നൽകാനും തീരുമാനിച്ചു. പത്ര -ദൃശ്യ മാധ്യമങ്ങളിൽ പാർട്ടിയെയും നേതാക്കളെയും അപകീർത്തിപെടുത്തുന്ന വിധത്തിൽ വാർത്ത നൽകുന്നവരെയും പാർട്ടി രഹസ്യങ്ങൾ ചോർത്തി നൽകുന്നവരെയും കണ്ടെത്താൻ രണ്ട ംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.
സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. കുഞ്ഞി മുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. ജില്ല ഭാരവാഹികളായ വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, ടി.എ. തങ്ങൾ, ഇബ്രാഹിം മുണ്ടേരി, കെ.വി. മുഹമ്മദലി, കെ.ടി. സഹദുല്ല, അഡ്വ.കെ.എ. ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മുനിസിപ്പൽ കമ്മിറ്റിയുമായി അള്ളാംകുളം വിഭാഗം
തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിം ലീഗിലെ കലാപം രൂക്ഷമായതോടെ മുനിസിപ്പൽ മുസ്ലിം ലീഗിനും യൂത്ത് ലീഗിനും വനിത ലീഗിനും പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് മഹമൂദ് അള്ളാംകുളം വിഭാഗം. വാർത്തസമ്മേളനം നടത്തിയാണ് ഇവർ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
വർഷങ്ങളായി തുടരുന്ന തളിപ്പറമ്പിലെ സംഘടന പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ഒടുവിലായി മുസ്ലിം ലീഗ് ജില്ല കമ്മിറ്റി മൂന്നുദിവസം തളിപ്പറമ്പിൽ കേന്ദ്രീകരിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ 135 ഓളം ആളുകളെ നേരിൽക്കണ്ട് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിൽ, തുടർച്ചയായുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയാണെന്നായിരുന്നു കണ്ടെത്തൽ. കമ്മിറ്റി പൂർണ പരാജയമാണെന്ന ജില്ല കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ, സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ല കമ്മിറ്റി യോഗം ചേർന്ന് തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിടുകയും സമവായത്തിലൂടെ ഇരുവിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി പുതിയ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു.
സമവായത്തിലൂടെ കമ്മിറ്റി വരാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം പാർട്ടി പത്രവുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡൻറ്, സെക്രട്ടറിമാരുടെ യോഗത്തിലേക്ക് തളിപ്പറമ്പിലെ പി.കെ. സുബൈർ വിഭാഗത്തിൽപെട്ട പ്രവർത്തകർ ഇരച്ചുകയറി ജില്ല നേതാക്കളെ ജില്ല കമ്മിറ്റി ഓഫിസിൽ തടഞ്ഞുവെച്ചത്.
പിറ്റേദിവസം പിരിച്ചുവിട്ട കമ്മിറ്റി പുനരുജ്ജീവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അറിയിപ്പോ കത്തോ ലഭിച്ചിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ തീരുമാനവുമായി പൊരുത്തപ്പെട്ടുപോകാൻ സാധ്യമല്ലെന്നും നേതാക്കൾ പറഞ്ഞു. വർഷങ്ങളായി പി.കെ. സുബൈറിെൻറ നേതൃത്വത്തിൽ ഏകപക്ഷീയമായി നടപടി ഉണ്ടായപ്പോൾ മേൽ ഘടകങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നിഷ്പക്ഷ അന്വേഷണം നടത്തുകയോ പരാതി മുഖവിലക്കെടുക്കുകയോ ചെയ്തിട്ടില്ല. പാർട്ടിപ്രവർത്തകർ മറ്റു പാർട്ടികളിലേക്ക് പോവാതിരിക്കാനാണ് മുസ്ലിം ലീഗിനും യൂത്ത് ലീഗിനും വനിത ലീഗിനും പുതിയ കമ്മിറ്റി ഉണ്ടാക്കിയതെന്നും നേതാക്കൾ പറഞ്ഞു.
തളിപ്പറമ്പിൽ ഇങ്ങനെ ഒരു കമ്മിറ്റി രൂപവത്കരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതിന്റെ മുഖ്യ കാരണക്കാരൻ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദാണെന്നാണ് ഇവരുടെ വാദം. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി, യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി, വനിത ലീഗ് മുനിസിപ്പൽ കമ്മിറ്റി എന്നിവക്ക് പുറമെ മുനിസിപ്പൽ റിലീഫ് കമ്മിറ്റി, വൈറ്റ് ഗാർഡ് എന്നീ കമ്മിറ്റികളും രൂപവത്കരിച്ചിരിട്ടുണ്ട്. മുസ്ലിം ലീഗിലുണ്ടായ ഭിന്നത നഗരസഭ യു.ഡി.എഫ് ഭരണത്തിലും പ്രതിസന്ധി സൃഷ്ടിക്കും.
നിലവിലെ ചെയർപേഴ്സെൻറ സ്ഥാനം തെറിക്കാനുള്ള സാധ്യതയുണ്ട്. ഏഴ് കൗൺസിലർമാർ ഒപ്പം ഉള്ളതിനാൽ ഏണി ചിഹ്നത്തിൽ വിജയിച്ച ഒരാൾ ചെയർമാനാകുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുൻ നഗരസഭ കൗൺസിലർമാരായ പി.എം. മുസ്തഫ, കെ. മുഹമ്മദ് ബഷീർ, നിലവിലെ കൗൺസിലർ സി. മുഹമ്മദ് സിറാജ്, പി.എ. സിദ്ദീഖ് (ഗാന്ധി), പി.പി. ഇസ്മായിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സ്വീകരണം നൽകി
തളിപ്പറമ്പ്: മഹമൂദ് അള്ളാംകുളത്തെ അനുകൂലിക്കുന്നവർ രൂപവത്കരിച്ച തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിക്ക് പ്രവർത്തകർ സ്വീകരണം നൽകി. തളിപ്പറമ്പിൽ വാർത്തസമ്മേളനം നടത്തി ഭാരവാഹികളെ പ്രഖ്യാപിച്ച് പുറത്തിറങ്ങിയ നേതാക്കളെയാണ് പ്രവർത്തകർ മധുരം നൽകിയും ഹരിത ഹാരം അണിയിച്ചും വരവേറ്റത്.
മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ: പി.എ. സിദ്ദീഖ് (പ്രസി.), പി. മൊയ്തീൻ കുട്ടി, കെ.എം. മുഹമ്മദ് കുഞ്ഞി, കെ.പി.പി. ജമാൽ (വൈ. പ്രസി.), കെ. മുഹമ്മദ് ബഷീർ (ജന. സെക്ര.), പി.പി. ഇസ്മായിൽ, സി. മുഹമ്മദ് സിറാജ്, മുസ്തഫ ബത്താലി (സെക്ര.), കെ.പി. ഹനീഫ (ട്രഷ.).
ശ്രീകണ്ഠപുരം: സമസ്ത കേരള സുന്നി ബാലവേദി ജില്ല കമ്മിറ്റി നടത്തുന്ന സിയാറത്ത് യാത്രാസംഘത്തിന് ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാം പള്ളിയിൽ സ്വീകരണം നൽകി. ഹുസൈൻ ബാഫഖി തങ്ങൾ സിയാറത്തിന് നേതൃത്വം നൽകി. സുന്നി മഹല്ല് ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി പി.ടി. മുഹമ്മദ് ഉപഹാരം നൽകി. സമസ്ത ജില്ല മുശാവറ അംഗം എൻ.പി.എം. ബാഖവി അനുഗ്രഹപ്രഭാഷണം നടത്തി. ഖത്തീബ് വഹാബ് ഫൈസി, പി.എം. മുഹമ്മദ് മൗലവി, ഖാലിദ് മുസ്ലിയാർ, എ.പി. മേമി, എൻ. മുസ്തഫ, എ.പി. മുഹമ്മദ്, എ.പി. ഉമ്മർ, എം.കെ. സത്താർ, പി. മായൻ തുടങ്ങിയവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.