മാലിന്യസംസ്കരണത്തിൽ ഒരുപടി മുന്നിൽ; 6.41 കോടിയുടെ പദ്ധതികളുമായി തളിപ്പറമ്പ് നഗരസഭ
text_fieldsതളിപ്പറമ്പ്: സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്കരണത്തിന് 2.94 കോടി രൂപയുടെ പുതിയ പദ്ധതികളുൾപ്പെടെ 6.41 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ തളിപ്പറമ്പ് നഗരസഭ. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് വിവിധ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നത്.
ട്രെഞ്ചിങ് ഗ്രൗണ്ടിൽ വിൻഡ്രോ കമ്പോസ്റ്റ് നിർമാണം, കാക്കത്തോട് മാലിന്യ ഡ്രെയിനേജ് നിർമാണം എട്ടും ഒമ്പതും ഘട്ടങ്ങൾ, റിങ് കമ്പോസ്റ്റ് വിതരണം, നഗരസഭയിലെ വിവിധ വാർഡുകളിൽ മിനി എം.സി.എഫ്, ബോട്ടിൽ ബൂത്ത് എന്നിവ സ്ഥാപിക്കൽ, നഗരസഭയുടെ വിവിധ സ്ഥാപനങ്ങളിൽ തുമ്പൂർമൂഴി മോഡൽ.
നാപ്കിൻ ഡിസ്ട്രോയർ എന്നിവ സ്ഥാപിക്കൽ, ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് വെയിംഗ് മെഷീൻ വാങ്ങൽ, പൈതൃകമാലിന്യങ്ങൾ നീക്കം ചെയ്യൽ, ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ സ്ഥാപിക്കൽ, ശുചിത്വ, മാലിന്യ ബോധവത്കരണം എന്നിവയാണ് നഗരസഭ നടപ്പാക്കുന്ന പുതിയ പദ്ധതികൾ. നഗരസഭയിൽ സംഘടിപ്പിച്ച പ്രൊജക്റ്റ് ക്ലിനിക്കിൽ അംഗീകാരം നേടിയ പദ്ധതികൾ ഡി.പി.സിക്ക് സമർപ്പിച്ചു.
ഈ സാമ്പത്തിക വർഷം മൊത്തം 6.41 കോടി രൂപയുടെ മാലിന്യസംസ്കരണ പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത്. അർബൻ അഗ്ലോമറേഷൻ (രണ്ട് കോടി രൂപ), കേരള ഖരമാലിന്യ പരിപാലന പദ്ധതി (84.5 ലക്ഷംരൂപ), നേരത്തെ തന്നെ ഡി.പി.സി അംഗീകരിച്ചവ (62.5 ലക്ഷം രൂപ) എന്നിവയാണ് മറ്റു പദ്ധതികൾ.
കേരള ഖരമാലിന്യ പരിപാലന പദ്ധതിക്കായി വകയിരുത്തിയ 84.5 ലക്ഷം രൂപ, സി.സി ടി.വി, ഫയർഫൈറ്റിംഗ് സിസ്റ്റം, ബെയിലിങ് ഉപകരണം, കൺവെയർ ബെൽറ്റ് എന്നിവ സ്ഥാപിക്കൽ, എം.സി.എഫ് നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കായി വിനിയോഗിക്കും.
നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തികസഹായത്തോടെ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ട്രീറ്റ്മെന്റ് പ്ലാന്റ് വാർഷിക അറ്റകുറ്റപ്പണി, നഗരസഭയിലേക്കാവശ്യമായ ശുചിത്വ ഉപകരണങ്ങൾ വാങ്ങൽ, ശുചിത്വ ഹരിത തളിപ്പറമ്പ് തുടങ്ങിയവയാണ് ഡി.പി.സി അംഗീകരിച്ച മറ്റു പദ്ധതികൾ.
നേരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ അംഗീകാരം നേടിയിട്ടുള്ള നഗരസഭയാണ് തളിപ്പറമ്പ്. 2021 ൽ മികച്ച മാലിന്യ സംസ്കരണ മാതൃകകളെ കുറിച്ച് നീതി ആയോഗും ശാസ്ത്ര പരിസ്ഥിതി കേന്ദ്രവും സംയുക്തമായി നടത്തിയ പഠനത്തെ തുടർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് തളിപ്പറമ്പ് നഗരസഭയും ഉൾപ്പെട്ടത്. മാലിന്യ സംസ്കരണത്തിലെ കാര്യക്ഷമത കാരണമാണ് റിപ്പോർട്ടിൽ സ്ഥാനം പിടിച്ച 28 മാതൃകകളിൽ ഒന്നാവാൻ സാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.