എ.ഇ.ഒ തസ്തികയിൽ ആളില്ല; വലഞ്ഞ് പെൻഷൻകാർ
text_fieldsതളിപ്പറമ്പ്: നോർത്ത് എ.ഇ.ഒ ഓഫിസിൽനിന്ന് പെൻഷൻ ലഭിക്കാൻ വൈകുന്നതായി ആക്ഷേപം. എ.ഇ.ഒ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടന്നിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടാവാത്തതാണ് പെൻഷൻ വൈകാൻ കാരണം. തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ പലരുടെയും പെൻഷൻ പ്രപ്പോസലുകൾ അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിൽ എത്താൻ താമസമെടുക്കുന്നുണ്ട്.
തസ്തികയിലേക്ക് ആളെ നിയമിക്കുന്നതിനായി നിരവധി തവണ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. നിയമനം നടത്തേണ്ടത് വിദ്യാഭ്യാസ ഡയറക്ടറാണെങ്കിലും ആവശ്യം ഉന്നയിക്കേണ്ടത് ജില്ല മേധാവിയാണ്.
തലോറ എ.എൽ.പി സ്കൂളിൽനിന്ന് 2022 ഏപ്രിൽ 30നും അക്കിപ്പറമ്പ യു.പി സ്കൂളിൽനിന്ന് മേയ് 31നും വിരമിച്ച രണ്ട് അധ്യാപകർക്കാണ് എട്ടുമാസം പിന്നിട്ടിട്ടും തളിപ്പറമ്പ് നോർത്ത് എ.ഇ.ഒ ഓഫിസിൽനിന്ന് പ്രപ്പോസൽ അയക്കാത്തതിനാൽ പെൻഷൻ കിട്ടാൻ വൈകുന്നത്. പ്രശ്നങ്ങൾ അവസാനിക്കുന്നതുവരെ സീനിയർ സൂപ്രണ്ടിന് എ.ഇ.ഒയുടെ അധികച്ചുമതല നൽകിയാൽ ഓഫിസിലെ ഫയൽനീക്കം നടന്നേക്കാം. എന്നാൽ, ബന്ധപ്പെട്ടവർ തയാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
നിരവധി ഫയലുകൾ വേറെയും കെട്ടിക്കിടക്കുന്നുണ്ട്. തസ്തികയിൽ ആളെ നിയമിച്ചോ അടുത്ത ഉദ്യോഗസ്ഥനായ സീനിയർ സൂപ്രണ്ടിന് അധികച്ചുമതല നൽകിയോ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കെ.എസ്.എസ്.പി.എ ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.