സഫാരി പാർക്കിനെതിരെ എ.ഐ.ടി.യു.സി
text_fieldsതളിപ്പറമ്പ്: പ്ലാന്റേഷൻ കോർപറേഷൻ നാടുകാണി ഡിവിഷനിൽ സഫാരി പാർക്കും സസ്യോദ്യാനവും ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് മുൻ റവന്യൂമന്ത്രിയും സി.പി.ഐ നേതാവുമായ കെ.പി. രാജേന്ദ്രൻ. സഫാരി പാർക്ക് നിർമാണത്തിനെതിരെ കാസർകോട് ജില്ല റബർ- കാഷ്യു ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരവ വിഷയത്തിൽ പ്രധാനപ്പെട്ട സമരമാണ് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടക്കുന്നത്. വെറുമൊരു തൊഴിൽ പ്രശ്നം മാത്രമായി ഇതിനെ കാണാനാകില്ല. കൃഷി, പ്രകൃതി, പരിസ്ഥിതി മേഖലകളുമായി ബന്ധപ്പെട്ട് സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയമാണ് സമരത്തിന് കാരണം. നാടുകാണി ഡിവിഷൻ നിലവിലുള്ള രീതിയിൽ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. പല വൻപദ്ധതികളും നിർദേശിച്ച സമയത്ത് നടപ്പിലാക്കിയതിനുശേഷവും പ്രതിഷേധത്തിന്റെ ഭാഗമായി ഉപേക്ഷിച്ചിട്ടുണ്ട്. സഫാരി പാർക്ക് ആരംഭിക്കുവാനുള്ള തീരുമാനം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
എം.വി. ഗോവിന്ദൻ എം.എൽ.എ മുൻകൈയെടുത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാപിക്കുന്ന സഫാരി പാർക്കിനെതിരെയാണ് സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി വീണ്ടും പ്രത്യക്ഷസമരം ആരംഭിച്ചിരിക്കുന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ നാടുകാണി ഡിവിഷനിൽ സഫാരി പാർക്കും സസ്യോദ്യാനവും ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ കഴിഞ്ഞ ജൂലൈ മൂന്നിന് എ.ഐ.ടി.യു.സി തളിപ്പറമ്പ് താലൂക്ക് ഓഫിസിന് മുന്നിൽ ധർണ നടത്തിയിരുന്നു. പൊതു സഹകരണ സ്വകാര്യ സംരംഭമായി 300ഓളം ഏക്കറിൽ 300 കോടിയുടെ നിക്ഷേപം നടത്തി സഫാരി പാർക്ക് മൂന്ന് വർഷത്തിനുള്ളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി മേഖലയിൽ കടുത്ത പാരിസ്ഥിതിക നാശമുണ്ടാക്കുമെന്ന് പറഞ്ഞ് സി.പി.ഐ നാടുകാണി ബ്രാഞ്ച് കമ്മിറ്റിയാണ് പാർക്കിനെതിരെ ആദ്യം ശബ്ദമുയർത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ കറപ്പത്തോട്ടം ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും തൊഴിൽ ഇല്ലാതാക്കരുതെന്നുമാണ് എ.ഐ.ടി.യു.സിയുടെ ആവശ്യം. 24,000 കറവപ്പട്ട മരങ്ങളാണ് നാടുകാണി ഡിവിഷനിലുള്ളത്. തൊഴിലാളികളുമായി കൂടിയാലോചനയില്ലാതെ ഏകപക്ഷീയമായാണ് പാർക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കാസർകോട് ജില്ല റബർ- കാഷ്യു ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) പ്രസിഷന്റ് ടി.പി. ഷിബ ധർണയിൽ അധ്യക്ഷത വഹിച്ചു. വിവിധ നേതാക്കൾ സംസാരിച്ചു. പ്ലാന്റേഷൻ കോർപറേഷന്റെ ചീമേനി ഡിവിഷനിലെ തൊഴിലാളികൾ ഉൾപ്പെടെ കൂട്ടധർണയിൽ പങ്കെടുത്തു.എം.വി. ഗോവിന്ദൻ എം.എൽ.എ മുൻകൈയെടുത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ
സ്ഥാപിക്കുന്ന പാർക്കിനെതിരെയാണ് സി.പി.ഐ തൊഴിലാളി സംഘടനയുടെ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.