തളിപ്പറമ്പ് ബൈപാസിനായി ബദൽ റോഡ് ഒരുങ്ങി; പട്ടുവം റോഡ് ഉടൻ കീറും
text_fieldsതളിപ്പറമ്പ്: ദേശീയപാത ബൈപാസ് നിർമാണത്തിനായി ഗതാഗതം തിരിച്ചുവിടാതെ ചിറവക്ക് -പുളിമ്പറമ്പ് -പട്ടുവം റോഡ് കുറുകെ കീറുന്നതിന് സംവിധാനമൊരുങ്ങി. വാഹന തിരക്കേറിയ റോഡ് 20 മീറ്റർ ആഴത്തിൽ കുഴിച്ചു മാറ്റുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ഒരു വർഷമായി തീരുമാനമാകാതെയിരിക്കുകയായിരുന്നു.
കുപ്പത്തുനിന്ന് ആരംഭിക്കുന്ന തളിപ്പറമ്പ് ബൈപാസ് പുളിമ്പറമ്പിനുസമീപം മഞ്ചക്കുഴിയിൽ വലിയ കുന്ന് രണ്ടായി മുറിച്ചാണ് കീഴാറ്റൂർ വയൽ വഴി കടന്നുപോകുന്നത്. ഇതിലൂടെ കടന്നുപോകുന്ന വാഹന തിരക്കേറിയ തളിപ്പറമ്പ് പട്ടുവം റോഡ് 20 മീറ്റർ ആഴത്തിലെങ്കിലും മുറിച്ച് മാറ്റിയാൽ മാത്രമേ കുറ്റിക്കോൽ ഭാഗത്തേക്ക് എത്തുന്ന ബൈപാസുമായി ബന്ധപ്പെടുത്താൻ കഴിയുകയുള്ളൂ. നിലവിലുള്ള പട്ടുവം റോഡിന് വടക്ക് ഭാഗത്തുകൂടി താൽക്കാലിക റോഡ് നിർമിച്ച് വാഹനങ്ങൾ വഴി തിരിച്ച് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഈ സമാന്തര റോഡിന്റെ ടാറിങ് പൂർത്തിയാക്കി. പട്ടുവം റോഡിന് അടിയിലൂടെ കടന്നുപോകുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് മാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്. ഇത് പൂർത്തിയാകുന്ന മുറക്ക് ഗതാഗതം പുതിയ റോഡിലേക്ക് മാറ്റും. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൈപ്പ് മാറ്റാമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചത്.
റോഡ് മുറിക്കുമ്പോൾ പട്ടുവത്തേക്കുള്ള ഗതാഗതം തിരിച്ചുവിടുന്നതിനെക്കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു. കൂവോട്, മാന്ധംകുണ്ട് എന്നിവിടങ്ങളിലൂടെ തിരിച്ചുവിടാൻ നിർദേശമുയർന്നിരുന്നുവെങ്കിലും ബസ് ഗതാഗതം ഇതുവഴി തിരിച്ചുവിടുന്നത് പ്രായോഗികമല്ലാത്തത് കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു.
മാന്ധംകുണ്ട് റോഡിൽ പാളയാടുള്ള പാലത്തിന്റെ ബലക്കുറവും ഗതാഗതം വഴി തിരിച്ചുവിടുന്നതിന് തടസ്സമായി. റോഡ് മുറിക്കൽ നീണ്ടുപോയതോടെ ഇവിടെ ബൈപാസ് നിർമാണവും നിർത്തിവെച്ച അവസ്ഥയിലായിരുന്നു.
ഇതേ തുടർന്നാണ് ബൈപാസിന് ചേർന്നുതന്നെ കുന്നിടിച്ച ഭാഗത്ത് സ്വകാര്യ വ്യക്തികളുമായി ആലോചിച്ച് അവരുടെ സ്ഥലം കൂടി ഉപയോഗിച്ച് ഗതാഗതം തിരിച്ചുവിടാൻ താൽക്കാലിക സംവിധാനം ഒരുക്കിയത്. റോഡ് മുറിച്ചശേഷം ഇവിടെ 20 മീറ്ററോളം താഴ്ത്തി കടന്നു പോകുന്ന ബൈപാസിന് മുകളിലൂടെ പാലം നിർമിച്ചാണ് പട്ടുവം റോഡ് പുനഃസ്ഥാപിക്കുക.
ഇതിന് ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. ഗതാഗതം തിരിച്ചു വിടാതെ ബൈപാസ് പ്രവൃത്തി നടത്താനുള്ള തീരുമാനത്തെ നാട്ടുകാർ ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.