മൺപാത്രത്തിന് ആവശ്യക്കാരുണ്ട് നിർമിക്കാൻ ആളില്ല
text_fieldsതളിപ്പറമ്പ്: തട്ടിയാൽ ഉടയുന്ന മൺപാത്രങ്ങളിൽനിന്ന് അലൂമിനിയത്തിലേക്കും സ്റ്റീലിലേക്കും ആവശ്യക്കാർ മാറിയതോടെ മൺപാത്ര നിർമാണവും അവരുടെ സ്വപ്നങ്ങളും ഉടയുകയായിരുന്നു. തൃച്ചംബരത്ത് നിർമിക്കുന്ന മൺകലവും ചട്ടിയും ഏറെ പേരുകേട്ടതാണ്. മൺപാത്ര നിർമാണ ഏറെയുണ്ടായിരുന്ന ഈ പ്രദേശത്ത് 40 ഓളം വീട്ടുകാർ കുലത്തൊഴിലുമായി ആദ്യകാലത്ത് രംഗത്തുണ്ടായിരുന്നു. പുതുതലമുറ കുലത്തൊഴിലിനോട് വിമുഖത കാട്ടിയതോടെ രണ്ട് വ്യക്തികൾ മാത്രമാണ് ഈ പ്രദേശത്ത് കലം നിർമാണ രംഗത്ത് അവശേഷിക്കുന്നത്. തൃച്ചംബരം ഭാഗത്ത് സി.വി. ബാബുവും ഏഴാംമൈലിൽ രാജുവുമാണ് ഈ രംഗത്ത് ഇപ്പോഴും സാന്നിധ്യമറിയിക്കുന്നത്. ഭിന്നശേഷിക്കാരനായ ബാബുവിനെ ഈ രംഗത്ത് സഹായിക്കുന്നത് മാതാവ് കാർത്യായനിയാണ്.
തളിപ്പറമ്പിനടുത്ത് പട്ടുവത്തും പരിയാരം ഇരിങ്ങലിലും മുൻ കാലത്ത് ഏറെ കുടുംബങ്ങൾ മൺപാത്ര നിർമാണത്തിന് ഉണ്ടായിരുന്നെങ്കിലും അവിടങ്ങളിലെല്ലാം ഒന്നും രണ്ടും കുടുംബക്കാർ വിഷുക്കാലത്ത് മാത്രം നിർമാണത്തിലൊതുക്കി.
നിർമാണത്തിലെ പ്രതിസന്ധി
കുറ്റിക്കോൽ, മമ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ രണ്ട് തരം മണ്ണാണ് നിർമാണത്തിന് ആവശ്യം. എന്നാൽ മണ്ണ് ലഭിക്കാത്ത അവസ്ഥയും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ലഭിക്കുന്ന മണ്ണിനാവട്ടെ വൻ വിലയും കൊടുക്കണം. പാത്രം ചുട്ടെടുക്കാൻ ഉപയോഗിക്കുന്നത് മുൻ കാലത്ത് ഒരു പാട് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ചൂളയാണ്. ഇതിൽ ചുരുങ്ങിയത് 1000 കലമെങ്കിലും ഒരു സമയം ചുട്ടെടുക്കണം. ബാബുവും അമ്മയും മാത്രം നിർമാണ രംഗത്ത് ഉള്ളത് കൊണ്ട് ഇപ്പഴേ കലം ഉണ്ടാക്കിവെച്ചാലെ വിഷു കാലത്ത് ചൂളയിൽ വെക്കാനാവു. അത് കൊണ്ട് മിക്ക ദിവസങ്ങളിലും ഒന്നും രണ്ടും കലങ്ങൾ നിർമിച്ചുവെക്കും. സ്ഥിരമായ തൊഴിലല്ലാത്തതിനാൽ ഒഴിവു സമയങ്ങളിൽ മറ്റ് നിർമാണമേഖലയിലും ജോലിചെയ്യും.
ഒരു ലോഡ് മണ്ണിന് ഇരുപതിനായിരത്തോളം രൂപ ചെലവാകുമെന്നും ഇവർ സൂചിപ്പിച്ചു. കൂടാതെ 1000 കലം ചുട്ടെടുക്കാൻ അഞ്ച് ജീപ്പ് വിറകും 40 കറ്റ പുല്ലും വേണം. ഇവക്കും ഭീമമായ തുകയാണ് ചെലവാകുന്നത്. കലം, ചട്ടി, കലശപാനി, തൈപ്പാനി, കുടുക്ക, കഞ്ഞിയൂറ്റി, ഒറോട്ടിതട്ട് എന്നിവയാണ് പ്രധാനമായും നിർമിക്കുന്നത്.
തിരിച്ചുവരവിന്റെ പാതയിൽ
അലൂമിനിയത്തിന്റെയും സ്റ്റീലിന്റേയും പാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നത് രോഗകാരണമാവുമെന്ന തിരിച്ചറിവ് പലരെയും മൺപാത്രങ്ങളിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് മൺപാത്ര തൊഴിൽ മേഖലയിലുള്ളവർ. മണ്ണ് ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾക്ക് ക്ഷാമവും വിലക്കയറ്റവും രൂക്ഷമാണെങ്കിലും നിർമിക്കുന്ന പാത്രങ്ങൾക്ക് ആവശ്യക്കാർ എത്തുന്നത് ആശ്വാസമാണെന്ന് ബാബുവിന്റെ മാതാവ് പറഞ്ഞു. മൺപാത്രങ്ങൾ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നാണ് തൊഴിലാളിയായ ബാബുവിന്റെയും അഭിപ്രായം. മൺ ചട്ടിയും കലവും ഉൾപ്പെടെയുള്ളവ തേടി വിഷുക്കാലത്ത് ഉൾപ്പെടെ ശ്രീകണ്ഠപുരത്തും ചപ്പാരപ്പടവിലുമുള്ള വ്യാപാരികൾ വീട്ടിലെത്താറുണ്ടെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ വിഷുവിപണിയിൽ മൺപാത്രങ്ങൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായി. അതിലേറെ പ്രതീക്ഷയിലാണ് ഈ ഓണക്കാലം.
ക്ഷേത്രങ്ങളിലെല്ലാം പഴയ കാലത്ത് കലശത്തിന് ഉപയോഗിച്ചത് മൺപാനികളായിരുന്നുവെങ്കിൽ ഇപ്പോൾ ചെമ്പ് കൊണ്ടുള്ള കലശപാനികളാണ് ഉപയോഗിക്കുന്നത്. ഇങ്ങിനെ സമസ്ത മേഖലകളിലും മൺപാത്രങ്ങൾ തിരസ്കരിക്കപ്പെട്ടതും പുതുതലമുറ ഉന്നത വിദ്യാഭ്യാസം നേടി മറ്റ് ജോലികളിലേക്ക് പോയതും ഇവയുടെ നിർമാണത്തിന് ആളില്ലാതായി. ഇപ്പോൾ കന്യാകുമാരിയിൽനിന്നും പാലക്കാട് നിന്നുമാണ് മൺപാത്രങ്ങൾ ഇവിടെയെത്തുന്നത്. കുലത്തൊഴിലുകൾ സംരക്ഷിക്കപ്പെടുന്നവർക്ക് അർഹമായ സഹായം സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കണമെന്നാണ് കാർത്യായനിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.