മാലിന്യം തള്ളുന്നവരെ പിടിക്കാൻ തളിപ്പറമ്പ് നഗരസഭയിൽ കാമറകൾ സ്ഥാപിക്കും
text_fieldsതളിപ്പറമ്പ്: നഗരസഭയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി 30ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കൗൺസിൽ യോഗം അംഗീകാരം നൽകി.
നിലാവ് പദ്ധതിയിൽ നഗരസഭയിൽ സ്ഥാപിച്ച തെരുവുവിളക്കുകളുടെ വാർഷിക പരിപാലനത്തിനുള്ള ടെൻഡർ നടപടികൾക്ക് ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. തെരുവുവിളക്കുകളുടെ പരിപാലനം കാര്യക്ഷമമായി നടത്തുന്നതിനുള്ള ഇടപെടൽ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. എം.വി. ഗോവിന്ദൻ എം.എൽ.എയുടെ ഫണ്ടിൽ അനുവദിച്ച മൊബൈൽ ഡിസ്പൻസറി വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഗരസഭ സെക്രട്ടറിയുടെ പേരിൽ ആക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടറുടെ നിർദേശം കൗൺസിൽ ചർച്ച ചെയ്തു. മൊബൈൽ ഡിസ്പൻസറിയുടെ ചുമതല തളിപ്പറമ്പ് നഗരസഭക്കാണ്.
നടുവിൽ, കുറുമാത്തൂർ, ആലക്കോട്, പരിയാരം പഞ്ചായത്തുകൾക്കായി കൂടിയുള്ള മൊബൈൽ ഡിസ്പൻസറിയുടെ ഡീസൽ ഉൾപ്പെടെ തുടർപരിപാലന ചെലവ് പങ്കിടുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കൗൺസിൽ നിർദേശിച്ചു. വിനായക പാലകുളങ്ങര റോഡരികിലെ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിന്റെ തെളിവുകൾ സഹിതം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയ വ്യക്തിക്ക് പാരിതോഷികം നൽകുന്നതിന് കൗൺസിൽ അനുമതി നൽകി. മാലിന്യം തള്ളിയ വ്യക്തിയിൽനിന്ന് 50,000 രൂപ പിഴയീടാക്കിയിരുന്നു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, എം.കെ. ഷബിത, പി.പി. മുഹമ്മദ് നിസാർ, ഒ. സുഭാഗ്യം, സി.വി. ഗിരീശൻ, എം.പി. സജീറ, കെ. വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.