സി.ബി.ഐ ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേരിൽനിന്നായി 3.43 കോടി തട്ടി
text_fieldsതളിപ്പറമ്പ്: സി.ബി.ഐ ഓഫിസർ ചമഞ്ഞ് ഫോൺ വിളിച്ച് രണ്ടു പേരിൽ നിന്നായി 3.43 കോടിയിൽ അധികം രൂപ തട്ടിയെടുത്തതായി പരാതി.തളിപ്പറമ്പ് നഗരസഭ ഓഫിസിന് സമീപം മാങ്കൊമ്പിൽ ഡോ. ഉഷ വി. നായർ (58), ആന്തൂർ നഗരസഭയിലെ മോറാഴ പാളിയത്ത് വളപ്പ് കാരോത്ത് വളപ്പിൽ ഭാർഗവൻ (74) എന്നിവരാണ് തട്ടിപ്പിനിരയായത്.
ഭാർഗവന്റെ 3.15 കോടി രൂപയും ഉഷ നായരുടെ 28 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ഭാർഗവനെ കഴിഞ്ഞ മാസം 19 മുതൽ ഫോണിൽ വിളിച്ചാണ് അജ്ഞാതർ തട്ടിപ്പ് നടത്തിയത്. വിദേശത്ത് എൻജിനീയറായിരുന്ന ഭാർഗവന്റെ ആധാർ കാർഡ് ഉപയോഗിച്ച് ആരോ സിം എടുത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഭാർഗവനെയും ഭാര്യയെയും വെർച്വൽ അറസ്റ്റ് ചെയ്തതായും സി.ബി.ഐ ഓഫിസർ എന്ന് പരിചയപ്പെടുത്തിയവർ വിളിച്ചു പറഞ്ഞു.
എവിടെയും പോകാൻ പാടില്ലെന്നും ഇവരുടെ അക്കൗണ്ടിലുള്ള മുഴുവൻ പണവും സി.ബി.ഐ നിർദേശിക്കുന്ന അക്കൗണ്ടുകളിലേക്ക് അയക്കണമെന്നും പരിശോധിച്ച ശേഷം തിരികെ നൽകുമെന്നുമാണ് പറഞ്ഞത്. ഇതനുസരിച്ച് ഇരുവരുടെയും അക്കൗണ്ടുകളിലുള്ള 3.15 കോടിയിൽ അധികം രൂപ സംഘം അയച്ചു കൊടുത്ത അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു.
കൊൽക്കത്തയിലെ ഒരു ടൂർസ് ആൻഡ് ട്രാവൽസിന്റെ അക്കൗണ്ടിലേക്കാണ് പണം പോയത്. ഇതിൽനിന്ന് 50,000 രൂപ വീതം രണ്ട് തവണയായി സംഘം തിരിച്ച് നൽകിയത്രേ. ബാക്കി പണം പരിശോധനക്കുശേഷം നൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണു തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.
ഡോ. ഉഷ വി. നായരെ വാട്സ്ആപിൽ വിളിച്ച സംഘം ഇവരോടും ചില കേസുകളിൽ ഉൾപ്പെട്ടതായി അറിയിച്ചു. കേസുകളിൽ നിന്ന് ഒഴിവാ ക്കണമെങ്കിൽ പറയുന്ന അക്കൗണ്ടുകളിലേക്ക് പണം അയക്കാനും പരിശോധനക്കുശേഷം തിരിച്ചുനൽകാമെന്നുമാണ് പറഞ്ഞത്.
തുടർന്ന് കഴിഞ്ഞ മാസം 28 ലക്ഷം രൂപ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഹൈദരാബാദ് സഫിൽഗുഡ ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചു. വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പാണെന്ന് മനസ്സിലായി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.