പിഴ അര ലക്ഷം; കുട്ടി ഡ്രൈവർമാർ വിലസുന്നു
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി തുടരുന്നു. എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ വെള്ളിക്കീൽ പാർക്കിന് സമീപത്തുവെച്ച് വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനമോടിച്ചെത്തിയ 16 കാരനെ പിടികൂടി പിഴ ചുമത്തി രക്ഷിതാവിനും ആർ.സി ഉടമക്കുമെതിരെ കേസെടുത്തു.
വ്യാഴാഴ്ച വൈകീട്ട് വെള്ളിക്കീൽ പാർക്കിന് സമീപത്ത് നടന്ന വാഹന പരിശോധനക്കിടെയാണ് 16 കാരനെ പിടികൂടിയത്. തളിപ്പറമ്പിലെ സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർഥിയാണ് പിടിയിലായത്.
മറ്റുള്ളവരുടെ ജീവനും രക്ഷക്കും അപായമുണ്ടാക്കുന്ന വിധത്തിലാണ് കുട്ടി ബൈക്കോടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന് ഇൻഷൂറൻസും അടച്ചിരുന്നില്ല. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25,000 രൂപ വരെയാണ് പിഴയീടാക്കാറുള്ളത്. ബൈക്കിന് ഇൻഷൂറൻസ് ഇല്ലാത്തതിനാൽ അതിന്റെ പിഴ കൂടി അടക്കേണ്ടിവരും. തലശ്ശേരി കോടതിയിലാണ് പിഴയടക്കേണ്ടത്. കഴിഞ്ഞദിവസം അള്ളാംകുളത്ത് വെച്ചും കുട്ടി ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു.
ഈ സംഭവത്തിൽ 55,000 രൂപ യാണ് രക്ഷിതാവ് തലശ്ശേരി കോടതിയിൽ പിഴയായി അടച്ചത്. ഹെൽമറ്റ് ധരിക്കാതെയും മൂന്നു പേരെ കയറ്റിയും അപകടകരമായ രീതിയിലാണ് പലപ്പോഴും കുട്ടി ഡ്രൈവർമാരുടെ യാത്ര. പലപ്പോഴും അരലക്ഷം വരെ പിഴയിടാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി കർശന നടപടികളാണ് കുട്ടി ഡ്രൈവർമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.