കോടികൾ വിലവരുന്ന രത്നക്കല്ല് തട്ടിയെടുത്തതായി പരാതി
text_fieldsതളിപ്പറമ്പ്: കോടികൾ വിലമതിക്കുന്ന രത്നക്കല്ല് ബൈക്കിലെത്തിയ രണ്ടുപേർ തട്ടിയെടുത്തതായി പരാതി. പാലകുളങ്ങരയിലെ ടി. കൃഷ്ണന്റെ കൈവശമുണ്ടായിരുന്ന രണ്ടു കിലോ തൂക്കമുള്ള അക്വാമറൈൻ എന്നറിയപ്പെടുന്ന വിലപിടിപ്പുള്ള രത്നക്കല്ലാണ് തട്ടിയെടുത്തത്. ഗുണനിലവാരമനുസരിച്ച് കാരറ്റിന് 50 മുതൽ 250 ഡോളർ വരെ വിപണിമൂല്യമുള്ള അക്വാമറൈൻ എന്നറിയപ്പെടുന്ന രത്നക്കല്ലാണ് രണ്ടുപേർ ചേർന്ന് ഉടമസ്ഥനെ കബളിപ്പിച്ച് തട്ടിയെടുത്തത്.
കൃഷ്ണന്റെ പിതാവിന് 40 വർഷം മുമ്പ് ലഭിച്ചതാണത്രെ നീല നിറത്തിലുള്ള രത്നക്കല്ല്. പിതാവിന് ഇതെവിടെനിന്നാണ് ലഭിച്ചതെന്ന് കൃഷ്ണന് അറിയില്ല. ഹൈദരാബാദ് ആർക്കിയോളജിക്കൽ വിഭാഗത്തിൽ രത്നക്കല്ല് പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന്റെ കൈവശമുണ്ട്.
രത്നക്കല്ല് വിൽക്കുന്ന വിവരമറിഞ്ഞ് കൃഷ്ണന്റെ സുഹൃത്തായ മയ്യിൽ സ്വദേശിയാണ് രണ്ടുപേരെ തളിപ്പറമ്പിലെത്തിച്ചത്. ഇവരെ രത്നം കാണിക്കാൻ കൃഷ്ണന്റെ വീട്ടിൽനിന്നു സുഹൃത്തിന്റെ സ്കൂട്ടറിലാണ് ചിറവക്കിനു സമീപത്തേക്കു പോയത്. രത്നക്കല്ലടങ്ങിയ ബാഗ് സ്കൂട്ടർ ഓടിച്ച സുഹൃത്തിന്റെ മടിയിലായിരുന്നു.
11ഓടെ ബുള്ളറ്റിൽ രണ്ടു പേർ എത്തുകയും ഇവരോട് രത്നക്കല്ല് വാങ്ങാൻ എത്തിയവരാണോയെന്ന് കൃഷ്ണന്റെ കൂടെയുള്ള സുഹൃത്ത് ചോദിക്കുകയും ചെയ്തു. ഈ സമയംതന്നെ ബുള്ളറ്റിൽ വന്നവർ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി. പട്ടുവം ഭാഗത്തേക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.