കല്ലിങ്കീൽ പത്മനാഭനെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി കോൺഗ്രസ്
text_fieldsതളിപ്പറമ്പ്: കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡൻറ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത കല്ലിങ്കീൽ പത്മനാഭനെ തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ, തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പദവികളിൽനിന്ന് നീക്കാൻ കോൺഗ്രസ് നേതൃത്വം നടപടി തുടങ്ങി. രണ്ട് പദവികളിൽനിന്നും നീക്കാൻ പത്മനാഭനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് പാർട്ടി ആലോചിക്കുന്നത്.
ബാങ്ക് നിയമനത്തിലുൾപ്പെടെ പത്മനാഭൻ ക്രമക്കേട് കാണിച്ചെന്ന വിവിധ പരാതികളെ തുടർന്ന് ഡി.സി.സി നേതൃത്വം നേരത്തെ അന്വേഷണ കമീഷനെ നിയമിച്ചിരുന്നു. ഇവർ നടത്തിയ അന്വേഷണത്തെ തുടർന്ന് ബാങ്ക് പ്രസിഡൻറ്, ഡയറക്ടർ പദവികൾ രാജിവെക്കാൻ ഡി.സി.സി നേതൃത്വം ആവശ്യപ്പെെട്ടങ്കിലും പത്മനാഭൻ അതിന് തയാറായിരുന്നില്ല. ഇതേതുടർന്ന് കഴിഞ്ഞ ദിവസം കല്ലിങ്കീൽ പത്മനാഭനെ കഴിഞ്ഞ ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിെൻറ തുടർനടപടിയായാണ് പത്മനാഭൻ വഹിക്കുന്ന രണ്ട് പദവികളിൽനിന്ന് നീക്കാൻ കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങുന്നത്.
ബാങ്കിലാണ് ആദ്യം അവിശ്വാസപ്രമേയം കൊണ്ടുവരുക. ആകെയുള്ള 11ൽ കോൺഗ്രസിന് ആറും ലീഗിന് അഞ്ചും ഡയറക്ടർമാരാണുള്ളത്. ഇതിൽ മൂന്നിലൊന്ന് പേർ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയാൽ സഹകരണ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. പ്രസ്തുത ഉദ്യോഗസ്ഥന് 10 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയും. പിന്നീട് നഗരസഭ വൈസ് ചെയർമാൻ പദവിയിൽനിന്ന് നീക്കാനും കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരും. 34 അംഗ നഗരസഭയിൽ യു.ഡി.എഫിന് 19 അംഗങ്ങളാണുള്ളത്.
തളിപ്പറമ്പ് മുനിസിപ്പൽ തലത്തിൽ ഇപ്പോൾ മുസ്ലിം ലീഗിനകത്ത് മഹമൂദ് അള്ളാംകുളത്തെയും പി.കെ. സുബൈറിനെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ രണ്ടായാണ് പ്രവർത്തിക്കുന്നത്. എങ്കിലും, അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ യു.ഡി.എഫിെൻറ പൊതുനിലപാടിനൊപ്പം നിൽക്കുമെന്ന് ലീഗിലെ രണ്ടു വിഭാഗവും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതാണ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസിന് ആത്മവിശ്വാസം നൽകുന്നത്. യു.ഡി.എഫ് തലത്തിൽതന്നെ അവിശ്വാസം കൊണ്ടുവരുന്നതിന് ജില്ല മുസ്ലിം ലീഗ് നേതൃത്വവുമായി ഡി.സി.സി ബന്ധപ്പെട്ടതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.