പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും; സി.പി.എമ്മിനോട് സി.പി.ഐ
text_fieldsകണ്ണൂർ: സി.പി.എം പുറത്താക്കിയ കോമത്ത് മുരളീധരനെ സി.പി.ഐയിൽ എടുത്തത് സംബന്ധിച്ച് കഴിഞ്ഞദിവസം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചതിനെതിരെ സി.പി.ഐയും രംഗത്തെത്തി. അതിനും എം.വി. ജയരാജൻ മറുപടി പറഞ്ഞതോടെ വാക്പോര് രണ്ടാം ദിവസവും തുടർന്നു.
എം.വി. ജയരാജെൻറ സി.പി.ഐ വിരുദ്ധ പരാമർശം ഗൗരവത്തിൽ എടുക്കുന്നില്ലെന്നാണ് സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാറിെൻറ പ്രതികരണം. പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. വിവാദങ്ങളുടെ ബോക്സ് തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് പ്രതികരിച്ച അദ്ദേഹം മാന്ധംകുണ്ടിൽ സി.പി.ഐ സ്ഥാപിച്ച പതാക അവിടെത്തന്നെ ഉണ്ടാകുമെന്നും പറഞ്ഞു.
വിഷയം എൽ.ഡി.എഫ് ചർച്ച ചെയ്യും. തളിപ്പറമ്പിൽ ഉണ്ടായത് പ്രാദേശിക പ്രശ്നമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. നടപടി എടുത്തവരെ സ്വീകരിക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് യോജിച്ച നയമല്ല.
നടപടിക്ക് വിധേയരായവരെ സ്വീകരിക്കുന്നത് സി.പി.ഐയുടെ നയമാണ്. സി.പി.ഐക്ക് അവരുടേതായ നയം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം സംസാരിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂർ മാന്ധംകുണ്ടിൽ ഞായറാഴ്ച സംഘടിപ്പിച്ച സി.പി.എം പൊതുയോഗത്തിൽ പ്രസംഗിക്കവെ സകല കുറ്റകൃത്യങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാവുന്ന കൂടാരമായി കണ്ണൂരിലെ സി.പി.ഐ മാറിയെന്ന് എം.വി. ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക ക്രമക്കേട് നടത്തിയാലും അസാന്മാർഗിക കുറ്റത്തിന് പാർട്ടി പുറത്താക്കിയാലും ഉടൻ സി.പി.ഐ എടുത്തോളുമെന്ന് പരിഹസിച്ച അദ്ദേഹം സി.പി.ഐക്ക് ഇങ്ങനെയൊരു ഗതികേട് വന്നല്ലോയെന്നും പരിതപിക്കുകയുണ്ടായി. ഇതാണ് സി.പി.ഐ ജില്ല നേതൃത്വത്തെ ചൊടിപ്പിച്ചത്.
സി.പി.ഐ നേതാക്കൾ മാന്ധംകുണ്ട് സന്ദർശിച്ചു
തളിപ്പറമ്പ്: ഞായറാഴ്ച സി.പി.എം പൊതുയോഗത്തിനുശേഷം സി.പി.ഐയുടെ കൊടിമരം പിഴുതുമാറ്റിയ സ്ഥലവും കോമത്ത് മുരളീധരൻ ഉൾപ്പെടെയുള്ള പ്രവർത്തകരുടെ വീടും സി.പി.ഐ ജില്ല സെക്രട്ടറി സന്തോഷ് കുമാർ സന്ദർശിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.പി. സന്തോഷ് കുമാർ, വി.വി. കണ്ണൻ, സി. ലക്ഷ്മണൻ, പി.കെ. മുജീബ് റഹ്മാൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അടുത്ത ദിവസം തന്നെ മാന്ധം കുണ്ടിൽ പുതിയ കൊടിമരം സ്ഥാപിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.