സി.പി.എം വിഭാഗീയത: വിശദീകരണ നോട്ടീസ് കാലാവധി ഇന്ന് തീരും; മറുപടി നൽകാൻ ഇടയില്ല
text_fieldsതളിപ്പറമ്പ്: പ്രതിഷേധക്കാർക്കുനേരെ സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ നേതൃത്വമെടുത്ത അച്ചടക്ക നടപടിയുടെ വിശദീകരണ കാലാവധി ബുധനാഴ്ച തീരും. പ്രതിഷേധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയ പാർട്ടി മെംബർമാർക്കും ലോക്കൽ സമ്മേളനങ്ങളിൽനിന്ന് ഇറങ്ങിപ്പോയ കോമത്ത് മുരളീധരനുമാണ് ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ നോട്ടീസ് അയച്ചത്. 27നകം വിശദീകരണം നൽകണമെന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. എന്നാൽ, ആരും കത്തിന് മറുപടി നൽകില്ലെന്നാണ് സൂചന.
തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലെ വിഭാഗീയതക്കും വെട്ടിനിരത്തലിനുമെതിരെ കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന പ്രവർത്തകർ പരസ്യമായി തെരുവിൽ പ്രതിഷേധിച്ചിരുന്നു. ഇവർക്കെതിരെയാണ് അച്ചടക്ക നടപടിയുമായി നോർത്ത് ലോക്കൽ നേതൃത്വം രംഗത്തിറങ്ങിയത്. ലോക്കൽ സമ്മേളനത്തിൽ കോമത്ത് മുരളീധരൻ പക്ഷത്തെ വെട്ടിനിരത്തിയാണ് പുല്ലായ്ക്കൊടി ചന്ദ്രനെ ലോക്കൽ സെക്രട്ടറിയായി വീണ്ടും പ്രഖ്യാപിച്ചതെന്ന് ആരോപണമുയർന്നിരുന്നു. സി.പി.ഐയിൽനിന്നും പുറത്താക്കിയതിനെ തുടർന്ന് സി.പി.എമ്മിലെത്തിയ നിലവിലെ ലോക്കൽ സെക്രട്ടറിയെ അംഗീകരിക്കാനാവില്ലെന്ന് കോമത്ത് മുരളീധരൻ വിഭാഗവും വ്യക്തമാക്കിയിരുന്നു.
നൂറോളം പേരായിരുന്നു പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്. ഇവരെ ലോക്കൽ സെക്രട്ടറി ആദ്യം പരസ്യമായി തള്ളിപ്പറയുകയും പാർട്ടി വിരുദ്ധരാണെന്ന് പറയുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ കോമത്ത് മുരളീധരൻ വിഭാഗക്കാരായ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചതോടെ, പ്രതിഷേധിച്ച പ്രവർത്തകർ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും അവരെ സംഘടനയുമായി ചേർത്തുനിർത്തുമെന്നും ലോക്കൽ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതുകഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകമാണ് വിശദീകരണ നോട്ടീസ് നൽകിയത്. പ്രകടനത്തിന് നേതൃത്വം നൽകിയെന്ന പേരിൽ മൂന്ന് പാർട്ടി മെംബർമാർക്കാണ് ആദ്യം നോട്ടീസ് നൽകിയത്.
കെ. ബിജു, എം. വിജേഷ്, കെ.എം. വിജേഷ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. പ്രവർത്തകരെയും അനുഭാവികളെയും പൂർണമായും പാർട്ടിയിൽനിന്നും അകറ്റാനാണ് പുല്ലായിക്കൊടി ചന്ദ്രെൻറ ശ്രമമെന്ന് പ്രതിഷേധിച്ച പ്രവർത്തകർ പറയുന്നു. ചന്ദ്രനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുംവരെ പ്രതിഷേധം തുടരാനാണ് കോമത്ത് മുരളീധരൻ വിഭാഗത്തിെൻറ തീരുമാനം.അതിനിടെ, സച്ചിൻ എന്ന പാർട്ടി അംഗത്തിനും കഴിഞ്ഞ ദിവസം വിശദീകരണം ചോദിച്ച് കത്ത് നൽകിയിട്ടുണ്ട്. പ്രതിഷേധിച്ച പത്തോളം പേർക്ക് ഇനിയും വിശദീകരണ നോട്ടീസ് നൽകുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.