തളിപ്പറമ്പിലെ സി.പി.എം പോര്: ലഘുലേഖ വിതരണവുമായി ഇരുവിഭാഗവും
text_fieldsതളിപ്പറമ്പ്: സി.പി.എമ്മിലെ വിഭാഗീയതയെ തുടർന്ന് അണികളെ ഒപ്പം നിർത്താൻ മാന്ധംകുണ്ടിലും സമീപ പ്രദേശങ്ങളിലും ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രെൻറയും വിമത നേതാവ് കോമത്ത് മുരളീധരെൻറയും നേതൃത്വത്തിൽ ഇരുവിഭാഗവും ശ്രമം തുടങ്ങി. വീടുകൾ കയറി ലഘുലേഖകൾ നൽകിയാണ് ഇരുകൂട്ടരും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്.
സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തെ തുടർന്നുണ്ടായ വിഭാഗീയത പൊട്ടിത്തെറിയിൽ എത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി യോഗം വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോമത്ത് മുരളീധരനും മറ്റ് അഞ്ച് പാർട്ടി അംഗങ്ങൾക്കുംനേരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മേൽക്കമ്മിറ്റിക്ക് ശിപാർശ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട് വിശദീകരിച്ച് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രെൻറ നേതൃത്വത്തിൽ വീടുകൾ കയറി പ്രചാരണം തുടങ്ങിയത്. പാർട്ടി നേതൃത്വത്തിനെതിരായ ചിലരുടെ നീക്കം തിരിച്ചറിയണമെന്നാണ് ഇവരുടെ ലഘുലേഖയിൽ വ്യക്തമാക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരായി പോസ്റ്റർ പതിച്ചതും പരസ്യ പ്രതിഷേധം നടത്തിയതും രാഷ്ട്രീയ എതിരാളികൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂവെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷിെൻറ പേരിൽ ഇറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം അച്ചടക്ക നടപടി കൊണ്ടൊന്നും ലോക്കൽ നേതൃത്വത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോമത്ത് മുരളീധരൻ അനുകൂലികൾ. അതിനാൽ തന്നെ ഇവർ രൂപവത്കരിച്ച മാന്ധംകുണ്ട് ജനകീയ കൂട്ടായ്മയുടെ പേരിലാണ് വീടുകൾ കയറി ലഘുലേഖ വിതരണം ചെയ്ത് പ്രചാരണം നടത്തുന്നത്.
നാടിെൻറ ഐക്യവും സമാധാനവും തകർക്കാൻ, നാട്ടിൽ ജനിച്ച് നാടിനുവേണ്ടി പ്രവർത്തിച്ച ആളുകളെ ഇല്ലാതാക്കാൻ ചിലർ ശ്രമം നടത്തുകയാണെന്ന് മുരളീധരൻ അനുകൂലികളുടെ ലഘുലേഖയിൽ പറയുന്നു. 25 വർഷം നാട്ടിൽ താമസിച്ചിട്ടും നാടിനെയും നാട്ടുകാരെയും അറിയാത്തവർ പുറത്തുനിന്നും ആളുകളെയിറക്കി കലാപത്തിന് ശ്രമിക്കുകയാണെന്നും ഇതിൽ പറയുന്നു. ഇതിനിടെ ഞായറാഴ്ച വൈകീട്ട് നാലിന് കോമത്ത് മുരളീധരൻ അനുകൂലികൾ മാന്ധംകുണ്ടിൽ അനുസ്മരണ ചടങ്ങ് എന്ന പേരിൽ പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.