തളിപ്പറമ്പിനെ ദുഃഖത്തിലാക്കി സഹോദരങ്ങളുടെ വിയോഗം
text_fieldsതളിപ്പറമ്പ്: മഞ്ഞപ്പിത്തരോഗബാധയെ തുടർന്ന് സഹോദരങ്ങൾ മരണപ്പെട്ടത് തളിപ്പറമ്പിനെ ദുഃഖത്തിലും ആശങ്കയിലുമാക്കി. തളിപ്പറമ്പിലെ മുൻകാല വ്യാപാരി പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളായ എം. സാഹിർ, എം. അൻവർ എന്നിവരാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി മരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ ഹിദായത്ത് നഗറിലാണ് ഇവരുടെ വീട്.
കോഴിക്കോട് റെഡിമേയ്ഡ് മൊത്തം വ്യാപാരിയായ സാഹിറും അൻവറും ഏതാനും ദിവസങ്ങൾക്കു മുമ്പ് കുടുംബാംഗങ്ങൾക്കൊപ്പം കോഴിക്കോടുനിന്ന് ഭക്ഷണം കഴിച്ചിരുന്നു. അവിടെനിന്നാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് കരുതുന്നത്.
അടുത്തടുത്ത ദിവസങ്ങളിൽ സഹോദരങ്ങൾ മരണപ്പെട്ടത് പ്രദേശത്തുള്ള മുഴുവനാളുകളെയും ആശങ്കയിലാക്കി. മാസങ്ങൾക്കു മുമ്പ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ 400ലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മരണം സംഭവിച്ചതോടെ ജില്ല മെഡിക്കൽ ഓഫിസർ നഗരസഭയിലെയും സമീപം പഞ്ചായത്തുകളിലെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ചു ചേർക്കുകയും ക്ലോറിനേഷൻ, പരിശോധന തുടങ്ങിയവ ഊർജിതമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
തളിപ്പറമ്പ് നഗരസഭയിൽ മഞ്ഞപ്പിത്ത രോഗം വ്യാപകമായതിനെ തുടർന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എം. പീയൂഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു.
ഡോ. അനീറ്റ കെ. ജോസി, ഡോ. ലത, ഡോ. അഷ്റഫ്, ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ, എപ്പിഡാമോളജിസ്റ്റ് അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.