തളിപ്പറമ്പ് നഗരസഭ യോഗത്തിൽ ബഹളം
text_fieldsതളിപ്പറമ്പ്: രാഷ്ട്രീയ വിഷയങ്ങൾ നഗരസഭ കൗൺസിൽ യോഗത്തിൽ വലിച്ചിഴച്ചതിനെതിരെ അംഗങ്ങളുടെ വാക്പോര്. ചെയർപേഴ്സൻ അജണ്ടയിലേക്ക് കടക്കുന്നതിനുമുമ്പ് ഇടതുപക്ഷ അംഗം ഒ. സുഭാഗ്യം ഇടപെടുകയായിരുന്നു. നഗരഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും സുഭാഗ്യം ആരോപിച്ചു. ഇതിനെ പ്രതിരോധിച്ച് വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനും സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഷബിതയും രംഗത്തുവന്നു. രാഷ്ട്രീയപരമായ പ്രതിസന്ധികൾ ഏത് പാർട്ടിയിലും ഉണ്ടാകുമെന്നും അത് അവിടെ പരിഹരിക്കുമെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് കൗൺസിലിൽ ചർച്ച ചെയ്യേണ്ടതെന്നും ഇവർ പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ നഗരഭരണത്തെ ബാധിക്കുമ്പോൾ അത് ഉന്നയിക്കാൻ കൗൺസിലർക്ക് അവകാശമുണ്ടെന്നും നഗരഭരണം കുത്തഴിഞ്ഞ നിലയിലാണെന്നും ഇടത് അംഗങ്ങളായ സി.വി. ഗിരീശനും കെ.എം. ലത്തീഫും പറഞ്ഞു.
നഗരഭരണത്തിൽ പോരായ്മകൾ ഉണ്ടെന്നും ചെറിയ വിഷയങ്ങൾ പോലും പരിഹരിക്കപ്പെടുന്നില്ലെന്നും കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിച്ച് ഇത് പരിഹരിക്കാൻ എല്ലാ അംഗങ്ങൾക്കും ബാധ്യതയുണ്ടെന്നും ബി.ജെ.പി അംഗം കെ. വത്സരാജൻ പറഞ്ഞു. എന്നാൽ, യഥാർഥ വിഷയങ്ങൾ മറച്ചുവെച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഭരണ സമിതിക്കെതിരെ ഉന്നയിക്കുന്നതെന്ന് ലീഗ് കൗൺസിലർ പി.സി. നസീർ പറഞ്ഞു. പദ്ധതി രൂപവത്കരണത്തിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനമാണ് നഗരസഭ നടത്തിയത്. സെക്രട്ടറിയുടെയും ഓവർസിയർമാരുടെയും നിയമനങ്ങൾ വൈകുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും പി.സി. നസീർ പറഞ്ഞു. തെരുവ് വിളക്കുകളുടെ തകരാർ പരിഹരിക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും അടിയന്തര പ്രാധാന്യത്തോടെ പരാതി പരിഹാരത്തിന് ഇടപെടണമെന്നും കൗൺസിലർ എം. സജിന ആവശ്യപ്പെട്ടു. ഭരണ, പ്രതിപക്ഷ ഭേദമന്യേ ഇതിനെ എല്ലാവരും പിന്തുണച്ചു. വെവ്വേറെ കമ്പനികളാണ് വിളക്ക് സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കരാറിലേർപ്പെട്ടിരിക്കുന്നതെന്നും ഇതാണ് വൈകുന്നതിന് കാരണമെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാർ മറുപടി നൽകി. കമ്പനികളുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം കൗൺസിലിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന് ശേഷം
നിയമനവും പിരിച്ചുവിടലും പാടില്ലെന്നിരിക്കെ മറ്റൊരു ഡ്രൈവർ ഉണ്ടായിരുന്നിട്ടും സെക്രട്ടറി സ്വന്തം തീരുമാനപ്രകാരം നിയമിച്ച ഡ്രൈവറുടെ ശമ്പള ബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്ന കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം മാനിച്ച് വിഷയത്തിൽ നിയമപരമായ അഭിപ്രായം അറിഞ്ഞുമാത്രം തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സൻ അറിയിച്ചു.നഗരസഭയിലെ ഫ്രൻറ് ഓഫിസ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്നതിനാൽ പ്രായമായവർക്കും അംഗപരിമിതർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫ്രൻറ് ഓഫിസ് താഴെ നിലയിലേക്ക് മാറ്റണമെന്നും കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം പൂർവസ്ഥിതിയിലാക്കാൻ ഇടപെടണമെന്നും കൗൺസിലർ വി. വിജയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.