ഇവിടെ എല്ലാവരും ഡിജിറ്റൽ മീഡിയ സാക്ഷരർ
text_fieldsതളിപ്പറമ്പ്: കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത നേടുന്ന രണ്ടാമത്തെ നഗരസഭയായി തളിപ്പറമ്പ് നഗരസഭ. തളിപ്പറമ്പ് മണ്ഡലം എം.എൽ.എ എം.വി. ഗോവിന്ദൻ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തി.
തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സംവിധാനത്തിൽ പ്രാവിണ്യമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ, കൈറ്റ്, സാക്ഷരതാ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം നടത്തി വരുന്നത്.
ഏപ്രിലിൽ ആരംഭിച്ച യജ്ഞത്തിൽ 6200 പേർ സാക്ഷരരായി. നഗരസഭയിലെ 31 കുടുംബശ്രീ യൂനിറ്റിന്റെ നേതൃത്വത്തിൽ 2708പേർക്ക് ക്ലാസ് നൽകി. പരിപാടി വിജയിപ്പിക്കുന്നതിനായി നിരവധി സ്കൂൾ കുട്ടികൾ രംഗത്ത് വന്നിരുന്നു. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതിസാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പരിശീലനം ലഭിച്ച 200 ലിറ്റിൽ കൈറ്റ് അംഗങ്ങൾ 1400 ഓളം പഠിതാക്കളെ പരിശീലിപ്പിച്ചു. റിസോഴ്സ് പേഴ്സൺമാരും നഗരസഭയിലെ വായനശാലകൾ, ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ നടന്ന പരിശീലനത്തിന് നേതൃത്വം നൽകി. ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തി.
നഗരസഭ ചെയർമാൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. കുടുംബശ്രീകൾക്കുള്ള ഉപഹാരം വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനും നഗരസഭക്കുള്ള പ്രശംസാപത്രം നിയോജകമണ്ഡലം കൺവീനർ കെ.സി. ഹരികൃഷ്ണനും വിതരണം ചെയ്തു. ആർ.പിമാർക്കുള്ള സർട്ടിഫിക്കറ്റ് മണ്ഡലം കോഓർഡിനേറ്റർ പി.പി. ദിനേശനും ലിറ്റിൽ കൈറ്റ് സ്കൂളുകൾക്കുള്ള ഉപഹാരം കെ. സുരേന്ദ്രനും നൽകി. നഗരസഭ കോഡിനേറ്റർ എസ്.കെ. നളിനാക്ഷൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി ചെയർമാന്മാരായ കെ.പി. ഖദീജ, എം.കെ. ഷബിത, പി. രജുല, നബീസ ബീവി, കൗൺസിലർ ഒ. സുഭാഗ്യം, കൊടിയിൽ സലിം, കെ. വത്സരാജ്, രാജി നന്ദകുമാർ എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ് നിസാർ സ്വാഗതവും കെ. മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.