ഹാപ്പിനസ് ഫെസ്റ്റിവലിന് തുടക്കം
text_fieldsതളിപ്പറമ്പ്: മാധ്യമങ്ങൾ സ്ഥിരമായി നശീകരണ വാസന വെച്ചുപുലർത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമശാലയിൽ നിയോജക മണ്ഡലം ഹാപ്പിനസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതുവായ വികസന താൽപര്യങ്ങൾ മുൻനിർത്തി സർക്കാറെടുക്കുന്ന പല നല്ല കാര്യങ്ങളെയും എതിർക്കുന്ന സമീപനമാണ് പല മാധ്യമങ്ങളും ചെയ്യുന്നത്.
എപ്പോഴും നല്ല കാര്യങ്ങളെ എതിർത്ത് നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുകയാണ്. സംസ്ഥാനത്തിന് വേണ്ടുന്ന നല്ല കാര്യങ്ങളുമായി മുന്നോട്ടുപോകുമ്പോൾ മാധ്യമങ്ങൾ പിന്തുണക്കുകയാണ് വേണ്ടത്. എന്നാൽ, എല്ലാ കാലത്തും ഇത്തരം മാധ്യമങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കണം.
ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാർ എല്ലാവരുടെയും സർക്കാറാണ്. നിഷ്പക്ഷമായ നിലപാട് സർക്കാറിന്റെ മുഖമുദ്രയാണ്. നല്ല കാര്യങ്ങളെ പിന്തുണക്കുകയും തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും വേണം. അതാണ് ശരിയായ മാധ്യമ ധർമം.
എന്തിനെയും എതിർക്കുന്ന നിഷേധാത്മക നിലപാട് തിരുത്തിയാൽ നാട്ടിൽ സന്തോഷം കളിയാടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് വേണ്ടുന്ന നൂതന പദ്ധതികൾ ഉയർന്നുവരുമ്പോൾ അതിനെ ഏതുവിധേനയും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കിയാൽ സമ്പുഷ്ടകേരളം വാർത്തെടുക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ടി. പത്മനാഭൻ, സർക്കസ് കുലപതി ജെമിനി ശങ്കരൻ, ഗോകുലം ഗോപാലൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. എം.എൽ.എമാരായ കെ.വി. സുമേഷ്, എം. വിജിൻ, ജില്ല പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ, ആന്തൂർ നഗരസഭാധ്യക്ഷൻ പി. മുകുന്ദൻ, കെ. സന്തോഷ് എന്നിവർ സംസാരിച്ചു.
സ്റ്റാളുകൾ തുറന്നു
തളിപ്പറമ്പ്: നാടിന്റെ ജനകീയോത്സവമായ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി. മുകുന്ദൻ പങ്കെടുത്തു. നിരവധി ഉൽപന്നങ്ങളുമായി ആകർഷണീയമായ 150ഓളം സ്റ്റാളുകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗവ. എൻജിനീയറിങ് കോളജിൽ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.