കനത്ത മഴ: തളിപ്പറമ്പിലും പട്ടുവത്തും നാശനഷ്ടം
text_fieldsതളിപ്പറമ്പ്: കനത്ത മഴയിൽ തളിപ്പറമ്പിലും പട്ടുവത്തും നാശനഷ്ടം. തളിപ്പറമ്പിൽ വീട് തകർന്നും പട്ടുവത്ത് കിണർ ഇടിഞ്ഞുതാഴ്ന്നും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. പൂക്കോത്ത് നടയിലെ എൽ.ഐ.സി ഓഫിസിന് സമീപത്തുള്ള വർഷങ്ങൾ പഴക്കമുള്ള ശശിധരന്റെ തറവാട് വീടാണ് തകർന്നുവീണത്. വീടിന്റെ മേൽക്കൂര പൂർണമായും നിലംപതിച്ചു. സ്ഥിരമായി ആൾതാമസമില്ലാത്ത വീടായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വില്ലേജ് ഓഫിസർ കെ. അബ്ദുൽ റഹ്മാൻ, നഗരസഭ സെക്രട്ടറി, വാർഡ് കൗൺസിലർ ഗിരീശൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കനത്ത മഴയിൽ പട്ടുവം വെള്ളിക്കീലിലെ സണ്ണിയുടെ കിണർ പൂർണമായും ഇടിഞ്ഞുതാഴ്ന്നു. അപകടാവസ്ഥയെത്തുടർന്ന് കിണർ മൂടി. കഴിഞ്ഞ വർഷം ആറുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കിണറാണിത്. പട്ടുവം വെള്ളിക്കീലിലെ ഉമ്മുകുൽസുവിന്റെ വീടിന്റെ പിൻവശത്തെ കുന്നിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് അംഗം കെ. ഹാമിദ് മാസ്റ്റർ എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ചു. പട്ടുവം ഗ്രാമപഞ്ചായത്തിലെ മുതുകുട- പനയുള്ളവളപ്പ് റോഡിലെ പള്ളി റോഡിൽ ശക്തമായ മഴയെത്തുടർന്ന് കുന്നിടിഞ്ഞും കുന്നിൻ മുകളിലെ മരങ്ങൾ കടപുഴകിയും ഗതാഗതവും കാൽനടയും തടസ്സപ്പെട്ടു.
റോഡിൽനിന്നും 15 മീറ്റർ ഉയരത്തിലുള്ള കുന്നാണ് ഇടിഞ്ഞത്. വൈദ്യുതി ലൈനിലേക്ക് മരങ്ങൾ കടപുഴകിയതിനാൽ ഏറെനേരം വൈദ്യുതി തടസ്സപ്പെട്ടു. കുന്നിൻ മുകളിലെ കൂറ്റൻ ഉരുളൻപാറ ഏതുനിമിഷവും റോഡിലേക്കുപതിച്ച് അപകട ഭീഷണിയിലാണ്. സംഭവസ്ഥലം സന്ദർശിച്ച പട്ടുവം വില്ലേജ് അസിസ്റ്റൻറ് പി.വി. വിനോദ് കുമാർ, ഫീൽഡ് അസിസ്റ്റൻറ് എ.പി. മനോജ് എന്നിവർ കുന്നിനുതാഴെ താമസിക്കുന്ന യു.എം. ആസ്യ, കെ. ഖദീജ എന്നിവരുടെ കുടുംബങ്ങൾക്ക് അപകടസാധ്യത മുൻനിർത്തി മാറിത്താമസിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. രാജൻ, വാർഡ് അംഗവും പട്ടുവം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ സീനത്ത് മഠത്തിൽ, പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസി. സെക്രട്ടറി പി.വി. അനിൽകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.