തളിപ്പറമ്പിൽ സി.പി.എം-സി.പി.ഐ "കുടുംബ'പോര്
text_fieldsതളിപ്പറമ്പ്: കുടുംബ സംഗമത്തിന്റെ പേരിലും തളിപ്പറമ്പ് നഗരസഭയിൽ സി.പി.എം-സി.പി.ഐ പോര്. സംസ്ഥാന വ്യാപകമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ച കുടുംബസംഗമം തളിപ്പറമ്പിൽ ഇരുപാർട്ടികളും വേറിട്ടാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി സംസ്ഥാനത്തെമ്പാടും എൽ.ഡി.എഫ് കുടുംബ സംഗമം സംഘടിപ്പിക്കുന്നുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ 40ഓളം കുടുംബസംഗമമാണ് നടത്തുന്നത്. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന സംഗമങ്ങളിൽ മിക്കയിടങ്ങളിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പങ്കെടുക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് നാലിന് തളിപ്പറമ്പ് നോർത്ത് കുടുംബസംഗമം കീഴാറ്റൂരിലാണ് നടക്കുക. ഈ കുടുംബ സംഗമത്തിലാണ് സി.പി.ഐയെ മാറ്റി നിർത്തുന്നത്. കുടുംബ സംഗമത്തിന്റെ പ്രചാരണത്തിന് സ്ഥാപിച്ച ബോർഡിൽ സി.പി.എം കുടുംബ സംഗമം എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് സി.പി.ഐക്കാർ പ്രകോപിതരായത്. എൽ.ഡി.എഫ് കുടുംബസംഗമം തളിപ്പറമ്പിൽ സി.പി.എം കുടുംബ സംഗമമാക്കിയെന്ന് സി.പി.ഐ ആരോപിച്ചു. സി.പി.എം തനിച്ച് നടത്തുന്നതിനാലാണ് തങ്ങളും പ്രത്യേകം പരിപാടി നടത്തുന്നതെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം ബോർഡ് പ്രത്യക്ഷപ്പെട്ടതോടെ സി.പി.ഐ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് 18ന് വൈകീട്ട് മാന്ധംകുണ്ടിൽ പ്രത്യേകം കുടുംബ സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ സംസ്ഥാന എക്സിക്ടൂട്ടീവ് അംഗം സി.പി. മുരളി പങ്കെടുക്കും.
അതേസമയം, സി.പി.എമ്മിന്റെ കുടുംബസംഗമമാണ് ആദ്യം നടത്താൻ തീരുമാനിച്ചതെന്നും പിന്നീട് സംസ്ഥാന കമ്മിറ്റി തീരുമാനമനുസരിച്ച് എൽ.ഡി.എഫ് കുടുംബ സംഗമമാക്കുകയായിരുന്നുവെന്നും നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി പോസ്റ്റർ ഇറക്കിയിട്ടുണ്ട്. മണ്ഡലത്തിൽ മറ്റു ലോക്കലുകളിലെല്ലാം സംഘാടക സമിതി വിളിച്ചപ്പോൾ സി.പി.ഐക്കാരെ ക്ഷണിക്കുകയും ഭാരവാഹിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ലോക്കലിൽ സി.പി.ഐയെ അറിയിച്ചിരുന്നില്ലെന്ന് ലോക്കൽ സെക്രട്ടറി എം. രഘുനാഥ് പറഞ്ഞു.
കീഴാറ്റൂർ മാന്ധംകുണ്ടിൽനിന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്ന കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ ഒരു സംഘം സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നത് മുതൽ ഉടലെടുത്ത തർക്കം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ മാസം സി.പി.ഐ നടത്തിയ പ്രചാരണ ജാഥ പോലും സി.പി.എം തടഞ്ഞ സംഭവം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.