മഞ്ഞപ്പിത്തം: കുടിവെള്ളം പരിശോധിക്കും
text_fieldsതളിപ്പറമ്പ്: മഞ്ഞപ്പിത്ത രോഗം (ഹെപ്പറ്റൈറ്റിസ് എ) മൂലം സഹോദരങ്ങൾ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നതായി ഡി.എം.ഒ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട്. മേഖലയിലെ കുടിവെള്ളം വിദഗ്ധ പരിശോധനക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയക്കും.
രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂർച്ഛിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങൾ ആരോഗ്യവകുപ്പ് പരിശോധിക്കും. മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിന് തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യ വകുപ്പ് തെളിച്ചം (ദി എജുക്കേഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ചേഞ്ച് ഫോർ ഹെപ്പറ്റൈറ്റിസ് എ മാനേജ്മെന്റ്) പദ്ധതി നടപ്പിലാക്കും. ഈ വർഷം മേയ് മാസത്തിലാണ് തളിപ്പറമ്പിൽ ആദ്യത്തെ മഞ്ഞപ്പിത്ത കേസ് (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോർട്ട് ചെയ്തത്. പിന്നീട് ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക് രോഗം ബാധിക്കുകയും വീടുകളിലേക്ക് പടരുകയും ചെയ്തു. നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 50ഓളം പേർ കിടത്തി ചികിത്സയെടുത്തു. രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്.
രോഗം പടർന്നു പിടിക്കാനിടയായ കിണറുപയോഗം നിർത്തിക്കുകയും ഈ വർഷം ജൂലൈയിൽ തളിപ്പറമ്പ് മുനിസിപ്പൽ വൈസ് ചെയർമാനെ പങ്കെടുപ്പിച്ച് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം തളിപ്പറമ്പിൽ ആരോഗ്യ വകുപ്പ് നടത്തി. മഞ്ഞപ്പിത്തതിനെതിരെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നുവന്നത്.
തളിപ്പറമ്പിൽ നിലവിൽ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചത്. ബന്ധുവിന്റെ വീടുകാണലിൽ പങ്കെടുത്തതാണ് രോഗം മൂലം മരിച്ച വ്യക്തി അസുഖ ബാധിതനായതെന്നാണ് നിഗമനം.
രോഗം ബാധിച്ചവർ വീടുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗപ്പകർച്ച തടയുന്നതിനു തടസ്സമായി നിൽക്കുന്നതെന്ന് ഡി.എം.ഒ പറഞ്ഞു. തളിപ്പറമ്പിൽ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കൻഡറി കേസുകളാണ്. മലവിസർജ്യത്തിലൂടെ പോകുന്ന വൈറസുകൾ കൈകളിൽ തങ്ങിനിൽക്കുകയും അത് മറ്റുള്ളവർക്ക് രോഗം കൈമാറുകയുമാണ് ചെയ്തിരിക്കുന്നത്. ജില്ല മാസ് മീഡിയ വിഭാഗം മുൻകൈയെടുത്താണ് തെളിച്ചം പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയോട് ചേർന്ന പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ യോഗം ചേർന്നു. എഴോം ബ്ലോക്ക് സി.എച്ച്.സിയിൽ ചേർന്ന യോഗത്തിൽ ജില്ല സർവൈലൻസ് ഓഫിസർ ഡോ. കെ.സി. സച്ചിൻ അധ്യക്ഷത വഹിച്ചു. അതോടൊപ്പം തദ്ദേശ പ്രതിനിധികളുടെ ഇന്റർ സെക്ടറൽ മീറ്റിങ് നടത്തി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവൽകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഡി.എം.ഒ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.