അനിശ്ചിതത്വം നീങ്ങി; കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനം ധർമശാലയിൽ തന്നെ
text_fieldsതളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനവും അനുബന്ധ ഓഫിസുകളും പണിയാൻ മാങ്ങാട്ടുപറമ്പ കെ.എ.പി ആസ്ഥാനത്തെ സ്ഥലത്തുനിന്നും അഞ്ച് ഏക്കർ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഏറെ നാളായി ഉയർന്നുവന്ന അനിശ്ചിതത്വം ഒഴിവായി.
പൊലീസിന്റെ കൈവശമുള്ള സ്ഥലമായതിനാൽ ഡി.ജി.പിയാണ് എച്ച്14-191714/2021/പി.എച്ച് നമ്പർ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. റൂറൽ ജില്ല പൊലീസ് ആസ്ഥാനം പരിയാരത്തേക്ക് മാറ്റാൻ സജീവമായ നീക്കം നടന്നിരുന്നു.
ഇതിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിനുസമീപത്തെ ഔഷധിയുടെ പത്ത് ഏക്കറ ഭൂമി വിട്ടുകിട്ടാൻ ശ്രമം നടന്നെങ്കിലും ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഔഷധി ഡയറക്ടർ ബോർഡ് യോഗം തീരുമാനിക്കുകയും ഇക്കാര്യം സർക്കാറിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച ധർമശാലയിലെ കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്തെ ഭൂമി അനുവദിച്ചത്.
തളിപ്പറമ്പ് ഭാഗത്ത് നിന്ന് കെ.എ.പിയുടെ സ്ഥലം ആരംഭിക്കുന്ന അതിർത്തി മുതൽ നിലവിലെ കെ.എ.പി ഗ്രൗണ്ട് വരെയുള്ള അഞ്ച് ഏക്കർ ഭൂമിയാണ് അനുവദിച്ചത്. മേധാവിയുടെ ഓഫിസ്, ഐ.ടി സെല്‍, സ്പെഷ്യല്‍ ബ്രാഞ്ച്, ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ, ജില്ല ക്രൈംബ്രാഞ്ച്, സൈബര്‍സെല്‍, വയര്‍ലെസ് യൂനിറ്റ്, വിമന്‍സ് സെല്‍, സൈബര്‍ പൊലീസ് സ്റ്റേഷന്, ഡി.പി.സി ക്യാമ്പ് ഓഫിസ്, വാഹന പാര്‍ക്കിങ് കേന്ദ്രം, മിനി പരേഡ് ഗ്രൗണ്ട്, കാന്റീന്, എന്നിവക്ക് പുറമെ ഫ്ലാറ്റ് മോഡല്‍ ക്വാര്‍ട്ടേഴ്സുകളും സ്ഥാപിക്കും.
ഇവ കൂടാതെ കെ.എ.പിയുടെ വിശാലമായ ഗ്രൗണ്ടും വിവിധ സ്പോർട്സ് കോർട്ടുകളും ഉപയോഗിക്കാൻ കഴിയും. ദേശീയപാതയുടെ ഓരത്തായി വരുന്ന പൊലീസ് ആസ്ഥാനത്തേക്ക് പൊതുജനത്തിനും വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർക്കും എളുപ്പത്തിൽ എത്താൻ കഴിയും എന്നതും ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.