വിടപറഞ്ഞത് കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ
text_fieldsതളിപ്പറമ്പ്: സിസ്റ്റർ ഫ്രാൻസിയുടെ വിയോഗത്തോടെ ഓര്‍മയായത് കേരളത്തിലെ ആദ്യത്തെ വനിത ആംബുലന്‍സ് ഡ്രൈവര്‍. ഞായറാഴ്ച രാത്രിയാണ് പട്ടുവം ദീനസേവസഭയിലെ സിസ്റ്റര്‍ ഫ്രാന്‍സി വിട പറഞ്ഞത്.
സ്ത്രീകള്‍ വാഹനമോടിക്കുന്നത് അത്യപൂര്‍വമായിരുന്ന 1975 കാലഘട്ടത്തില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് പാസായ മിടുക്കിയായിരുന്നു സിസ്റ്റർ ഫ്രാൻസിയെന്ന കന്യാസ്ത്രീ.പട്ടുവം ദീനസേവനസഭയുടെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെയും അന്തേവാസികളെയും ആശുപത്രിയിലെത്തിക്കാനായി അന്ന് സ്വന്തമായി ഇവർക്ക് ആംബുലന്‍സ് ഉണ്ടായിരുന്നു.
ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്നു മനസ്സിലായതോടെ കോഴിക്കോട് നടന്ന ടെസ്റ്റില്‍ ഇവർ ബാഡ്ജ് കരസ്ഥമാക്കി. കോട്ടയം രൂപതയിൽ ലൂർദ്മാത ഇടവകയിലെ പരേതരായ മത്തായി -അന്നമ്മ ദമ്പതികളുടെ 11 മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ച സിസ്റ്റർ ഫ്രാൻസി അവധിക്കു നാട്ടിൽ പോകുമ്പോള്‍, പെരുന്നാള്‍ പ്രദക്ഷിണത്തിനെത്തുന്ന ഗായക സംഘവുമായി ജീപ്പോടിച്ച് പോക്കുന്നത് നാട്ടുകാര്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
ദീന സേവനസഭയുടെ നിരവധി കോണ്‍വെന്റുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ ഫ്രാന്‍സി പട്ടുവത്തെ സെന്റ് ആഞ്ജല ഹോമില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം പട്ടുവം സ്നേഹനികേതൻ ആശ്രമ ചാപ്പലിൽ സംസ്കാര ചടങ്ങുകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.