തളിപ്പറമ്പിലെ വിഭാഗീയത; കോമത്ത് മുരളീധരനെ സി.പി.എമ്മിൽനിന്ന് പുറത്താക്കി
text_fieldsതളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ല കമ്മിറ്റി ഓഫിസ് അറിയിച്ചു. ഗുരുതര അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയതിനാണ് പുറത്താക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു.
തളിപ്പറമ്പ് സി.പി.എമ്മിൽ കുറച്ചുനാളായി വിഭാഗീയതയുണ്ട്. കീഴാറ്റൂരിൽ നടന്ന സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലാണ് കോമത്ത് മുരളീധരൻ, ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ വിഭാഗങ്ങൾ തമ്മിൽ വിഭാഗീയത ഉടലെടുത്തത്. തുടർന്ന് സമ്മേളനത്തിൽ നിന്ന് ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. അദ്ദേഹത്തെ അനുകൂലിക്കുന്നവർ ലോക്കൽ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവും പോസ്റ്റർ പ്രചാരണവും നടത്തി.
തുടർന്ന് കോമത്ത് മുരളീധരൻ അടക്കം ആറുപേർക്കെതിരെ പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും അവരതിന് മറുപടി നൽകാൻ തയാറായിരുന്നില്ല. പ്രശ്നം അന്വേഷിക്കാൻ പാർട്ടി ജില്ല നേതൃത്വം പി.വി. ഗോപിനാഥ്, എം. പ്രകാശൻ എന്നിവരെ അന്വേഷണ കമീഷനായി നിയോഗിച്ചു.
ഇവർ മുരളീധരനിൽ നിന്ന് തെളിവെടുപ്പും നടത്തിയിരുന്നു. എന്നാൽ, തുടർന്നും മുരളീധരനും അനുകൂലികളും പാർട്ടി സമ്മേളനവുമായോ പ്രവർത്തനങ്ങളുമായോ സഹകരിച്ചിരുന്നില്ല. അതിനിടെ മുരളീധരൻ സി.പി.ഐയിൽ ചേരാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇതേത്തുടർന്നാണ് തിരക്കിട്ട് സി.പി.എമ്മിൽ നിന്നും പുറത്താക്കിയതെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.