റോഡിലെ വിള്ളൽ; ടാറൊഴിച്ച് ഓട്ടയടച്ചു
text_fieldsതളിപ്പറമ്പ്: നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനകം വിണ്ടുകീറിയ പരിയാരം പഞ്ചായത്തിലെ കുറ്റിയേരി വെള്ളാവ് റോഡ് പൂർവ സ്ഥിതിയിലാക്കുമെന്ന അധികൃതരുടെ വാക്ക് പാഴ് വാക്കായി. റോഡിൽ ഉണ്ടായ വിള്ളലുകളിൽ ടാർ ഉരുക്കി ഒഴിച്ച് കാരാറുകാർ കയ്യൊഴിഞ്ഞു.
വെളളാവ് കുറ്റിയേരി റോഡിൽ നടുവയൽ ഭാഗത്താണ് അപകട ഭീഷണി ഉയർത്തി റോഡ് പിളർന്ന് താഴ്ന്നു പോയത്. നിർമാണ പ്രവൃത്തിയിലെ അപാകത കാരണമാണ് വെള്ളാവ് പനങ്ങാട്ടൂർ റോഡിൽ കുറ്റിയേരിയിലെ വിവിധ ഭാഗങ്ങളിലെ റോഡിൽ വിള്ളൽ വീണതെന്നാണ് നാട്ടുകാരുടെ ആരോപണം. ചെറുവാഹനങ്ങൾ അപകടപ്പെടുന്ന രീതിയിൽ കുറ്റിയേരി നടുവയലിൽ മാത്രം 150 മീറ്ററോളം ഭാഗത്ത് വിള്ളൽ വീണിരുന്നു.
മാവിച്ചേരി, കുറ്റിയേരി കടവ്, പൊയിൽ റോഡ് തുടങ്ങിയ ഭാഗങ്ങളിലും റോഡ് ഇത്തരത്തിൽ തകർന്നിരുന്നു. വിവിധ പഞ്ചായത്തുക്കളെ ബന്ധിപ്പിച്ച് വിവിധ പദ്ധതികളിലായാണ് കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചത്. കുറ്റിയേരിയിൽ വയലിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് നിർമാണ ഘട്ടത്തിൽ തന്നെ അപകത ചൂണ്ടിക്കാട്ടിയിട്ടും കരാറുകാർ അവഗണിക്കുകയായിരുന്നുവെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു.
മഴക്കാലത്ത് വെള്ളമിറങ്ങി റോഡ് പൂർണമായി തകരുന്നതിന് മുമ്പ് ബന്ധപ്പെട്ടവർ ഇടപെട്ട് റീടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തി. കരാറുകാരനെ കൊണ്ടുതന്നെ റോഡ് പൂർവ സ്ഥിതിയിലാക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
പിന്നീട് നടന്ന മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി പ്രവൃത്തികളുടെ അവലോകന യോഗത്തിൽ കൃത്യമായ രീതിയിൽ റോഡിന്റെ അപാകത പരിഹരിക്കാൻ എം.വി. ഗോവിന്ദൻ എം.എൽ.എ കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ റോഡിലെ വിടവിൽ ടാർ ഒഴിച്ച് മുകളിൽ ജില്ലിപ്പൊടി വിതറി കരാറുകാരൻ കൈയ്യൊഴിയുകയാണ് ചെയ്തിരിക്കുന്നത്.
ഇത് ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്നുള്ള ഒത്തുകളിയാണെന്നും മഴക്കുമുമ്പായി തകർന്ന ഭാഗങ്ങൾ ഇളക്കി മെക്കാഡം ടാർ ചെയ്യാൻ നടപടിയെടുത്തില്ലെങ്കിൽ റോഡു നിർമാണവുമായുള്ള വിശദാംശങ്ങൾ സഹിതം സി.ബി.ഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്നും കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡൻ്റ് പി.വി. സജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.