ക്ലബ്ബ് വിലകൊടുത്തു വാങ്ങിയ സ്ഥലം; ഫുട്ബാൾ മൈതാനമാക്കി
text_fieldsതളിപ്പറമ്പ്: പത്തുവര്‍ഷത്തോളമായി ഒരു ഗ്രാമത്തിലെ ക്ലബ്ബും നാട്ടുകാരും കളിസ്ഥലത്തിനുവേണ്ടി നടത്തിയ കഠിനാധ്വാനത്തിന് പരിസമാപ്തിയായി. നാട്ടുകാരുടെ പരിശ്രമത്തിൽ ഒരുങ്ങിയ മൈതാനം ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പതിറ്റാണ്ടുകളോളം കണ്ണപ്പിലാവിലേയും സമീപ പ്രദേശങ്ങളിലേയും കുട്ടികളുടെ കളിയിടമായിരുന്ന സ്ഥലം ഉടമക്ക് വിട്ടുകൊടുക്കേണ്ടിവന്നതോടെ സ്വന്തമായൊരു കളിസ്ഥലം എന്ന ആശയത്തിന് രൂപം നല്‍കുകയും അതിനായി യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ രംഗത്തിറങ്ങുകയുമായിരുന്നു.
നാട്ടുകാരും പ്രവാസി സുഹൃത്തുക്കളും ക്ലബ്ബിന്റെ അഭ്യുദയകാംക്ഷികളും കളിസ്ഥലമെന്ന സ്വപ്‌നത്തിന് ക്ലബ്ബിനൊപ്പം കൈകോര്‍ത്തപ്പോള്‍ ദീര്‍ഘകാലമായുള്ള സ്വപ്‌നം യാഥാര്‍ഥ്യമായി. ക്ലബ്ബിനടുത്ത് 50 സെന്റ് സ്ഥലം വിലകൊടുത്തുവാങ്ങിയ ശേഷം കളിസ്ഥലമായി മാറ്റിയെടുക്കുകയായിരുന്നു. 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മൈതാനത്തിനായി സ്ഥലം വാങ്ങിയത്. പണം സ്വരൂപിക്കാനായി ക്ലബ്ബ് പ്രവര്‍ത്തകര്‍ പലവഴികളിലേക്കിറങ്ങിയപ്പോള്‍ നാട്ടുകാര്‍ അകമഴിഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു. ചിട്ടി നടത്തിയും, നാട്ടുകാരില്‍ നിന്നും പ്രവാസികളില്‍ നിന്നും സംഭാവന സ്വീകരിച്ചും, ക്ലബ്ബ് അംഗങ്ങള്‍ ലോണെടുത്തുമൊക്കെ സ്ഥലം ഉടമയ്ക്ക് ആദ്യ ഗഡു നല്‍കിയാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തത്. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വലിയ ബാധ്യത കായിക പ്രേമികളുടെ പിന്തുണയോടെ മറികടക്കാന്‍ സാധിക്കുമെന്നാണ് ക്ലബ്ബ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെയായി കണ്ണപ്പിലാവിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമാണ് യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ്. ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് കെട്ടിപ്പടുത്ത ഒരു സാംസ്‌കാരിക സ്ഥാപനം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സ്വന്തമായൊരു കളിസ്ഥലം നാട്ടുകാര്‍ക്കുവേണ്ടി സമര്‍പ്പിക്കുമ്പോള്‍ പ്രദേശവാസികള്‍ക്കും അത് അഭിമാനമാവുകയാണ്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ.വി. ധനേഷും ദേശീയ താരമായിരുന്ന എന്‍. പി. പ്രദീപും ചേര്‍ന്ന് മൈതാനം നാടിനായി സമര്‍പ്പിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്ന ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബാള്‍ ടൂര്‍ണമെന്റോടെ നീണ്ട ഇടവേളയ്ക്കുശേഷം കണ്ണപ്പിലാവില്‍ കളിയാരവങ്ങളും ഉയരുമെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.