കുറുമാത്തൂരിൽ ഭൂരിപക്ഷം വർധിപ്പിച്ച് എൽ.ഡി.എഫ്
text_fieldsതളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡായ പുല്ലാഞ്ഞിയോട് എൽ.ഡി.എഫ് സ്ഥാനാർഥി വി. രമ്യ വിജയിച്ചു. 645 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷമാണിത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിലെ പി.പി. ഷൈനി സർക്കാർജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 1040 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർഥി 799 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി മൂലയിൽ ബേബിക്ക് 154 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി എം. ശീതളക്ക് 87 വോട്ടുകളും ലഭിച്ചു.
കഴിഞ്ഞ തവണ 408 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. ആ ഭൂരിപക്ഷം 645 ആയി വർധിപ്പിക്കാൻ എൽ.ഡി.എഫിന് സാധിച്ചു. എൽ.ഡി.എഫിന്റെ വികസനരാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് കുറുമാത്തൂർ പുല്ലാഞ്ഞിയോടെ വിജയമെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് പറഞ്ഞു.
ഭൂരിപക്ഷം വർധിപ്പിക്കുന്നതിന് ഇടതുപക്ഷം ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്.
അതേസമയം, ബി.ജെ.പിയും ഇത്തവണ മികച്ച പ്രവർത്തനമാണ് വാർഡിൽ നടത്തിയതെങ്കിലും നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ, യു.ഡി.എഫ് കാര്യമായ പ്രചാരണമൊന്നും വാർഡിൽ നടത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി രമ്യയേയും ആനയിച്ചുള്ള എൽ.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനവും നടന്നു. സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ്, നേതാക്കളായ കെ. കൃഷ്ണൻ, ഐ.വി. നാരായണൻ, കെ.വി. ബാലകൃഷ്ണൻ, പി.കെ. കുഞ്ഞിക്കണ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.
പയ്യന്നൂരിൽ സീറ്റ് നിലനിർത്തി
പയ്യന്നൂർ: നഗരസഭയിൽ ഒമ്പതാം വാർഡ് മുതിലയത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. ഭൂരിപക്ഷം കൂട്ടി പയ്യന്നൂരിന്റെ കരുത്തറിയിച്ചാണ് വിജയം. സി.പി.എമ്മിലെ പി. ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫിലെ എ. ഉഷയെ പരാജയപ്പെടുത്തിയത്. ആകെയുള്ള 1164 വോട്ടുകളിൽ 1118 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ലത 930 വോട്ട് നേടിയപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി ഉഷ 102 വോട്ടും ബി.ജെ.പി സ്ഥാനാർഥി പി. ലിഷ 86 വോട്ടും നേടി. 2020ലെ തെരഞ്ഞെടുപ്പിൽ 644 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് 184 വോട്ടുകൾ കൂടുതൽ നേടാനായി. ബി.ജെ.പി സ്ഥാനാർഥി ഇല്ലാതിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 208 വോട്ടാണ് ലഭിച്ചത്. ഇത്തവണ ബി.ജെ.പിക്ക് സ്ഥാനാർഥി ഉണ്ടായിട്ടും അധിക ഭൂരിപക്ഷം നേടാനായി. സി.പി.എമ്മിലെ പി. വിജയകുമാരി സർക്കാർജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ നഗരസഭയിൽ എൽ.ഡി.എഫ് - 35, യു.ഡി.എഫ്- 8, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.