ഇനി പറക്കാം... ഹാപ്പിയായി
text_fieldsതളിപ്പറമ്പ്: ആകാശക്കാഴ്ചകൾ കണ്ട് ഹെലികോപ്ടറിൽ പറക്കാം. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഹെലികോപ്ടർ റൈഡിന് തുടക്കമായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ ചലച്ചിത്ര നടി മാല പാർവതി ഫ്ലാഗ് ഓഫ് ചെയ്ത് ആദ്യ യാത്രക്കാരിയായി.
ഹെലികോപ്ടർ റൈഡിലൂടെ ഹെലി ടൂറിസത്തിന്റെ സാധ്യതകൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. തളിപ്പറമ്പിലാദ്യമായാണ് ഹെലികോപ്ടർ റൈഡ് ഒരുക്കുന്നത്. ബംഗളൂരു ആസ്ഥാനമായ തുമ്പി ഏവിയേഷൻസാണ് പറക്കാൻ സൗകര്യമൊരുക്കിയത്.
2022 മോഡൽ എയർ ബസ് എച്ച് വൺ ടു ഹെലികോപ്ടറിൽ അഞ്ച് മുതൽ ആറ് മിനിറ്റ് വരെ ആകാശയാത്ര നടത്താൻ ഒരാൾക്ക് 3,699 രൂപയാണ് ഈടാക്കുക. തളിപ്പറമ്പ് നഗരത്തിന്റെ ഏഴ് കിലോമീറ്റർ ചുറ്റളവിൽ കാഴ്ചകൾ കാണാം. 12 മുതൽ 13 മിനിറ്റ് വരെയുള്ള റൈഡിൽ നഗരത്തിനു പുറത്തുള്ള ദൃശ്യഭംഗികൾ ആസ്വദിക്കാം.
7,499 രൂപയാണ് ചാർജ്. താൽപര്യമുള്ളവർക്ക് അധികം തുക നൽകിയാൽ അര മണിക്കൂർ വരെ ഇഷ്ടമുള്ള ഇടങ്ങൾ കണ്ട് പറക്കാം. www.helitaxii.com ൽ ഹെലികോപ്ടർ റൈഡ് ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടിലെ കൗണ്ടറിലും ബുക്കിങ് സൗകര്യമുണ്ട്.
ആദ്യ യാത്രയിൽ മാലാ പാർവതിക്കൊപ്പം സംഘാടക സമിതി കൺവീനർ എ. നിശാന്ത്, കെ.എ.പി അസി. കമാൻഡന്റ് സജീഷ് ബാബു, തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദ്, ഹാപ്പിനസ് ഫെസ്റ്റിവൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം.വി. ജനാർദനൻ എന്നിവരുമുണ്ടായിരുന്നു.
ഹാപ്പിനസ് ഫെസ്റ്റിവൽ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ ധർമശാലയിൽ സംഘടിപ്പിക്കുന്ന ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആന്തൂർ നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാൻഡ് ഷോ 'സോൾ ഓഫ് ഫോക്' അരങ്ങേറും. ഡിസംബർ 31 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി എക്സിബിഷൻ, പുസ്തകോത്സവം, ചിൽഡ്രൻസ് അമ്യൂസ്മെന്റ് പാർക്ക്, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, കൈത്തറിമേള എന്നിവ ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലാണ് സജ്ജമാക്കിയിരിക്കുന്നത്.
എല്ലാ ദിവസവും വൈകീട്ട് ആന്തൂർ നഗരസഭ സ്റ്റേഡിയത്തിലും ഗവ. എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിലുമായി കല സാംസ്കാരിക പരിപാടികൾ നടക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുലമായ കല കായിക സാംസ്കാരിക വിനോദ മാമാങ്കം നടക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. പത്ത് ലക്ഷത്തിലേറെ പേർ പങ്കെടുക്കും. 20 രൂപയാണ് പ്രവേശന ഫീസ്. മണ്ഡലത്തിലെ പത്താം തരം വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനത്തിന് സൗജന്യ പാസ് നൽകി.
വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി. മുകുന്ദൻ, സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ്, കെ.എം. അജയകുമാർ എന്നിവരും പങ്കെടുത്തു.
ഫെസ്റ്റിവൽ പാർക്കിങ് ക്രമീകരണം
തളിപ്പറമ്പ്: ധർമശാലയിലെ ഗവ. എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലും നഗരസഭ സ്റ്റേഡിയത്തിലുമായി നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വിപുലമായ പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തി.
ഹാപ്പിനസ് ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫിസായി പ്രവർത്തിക്കുന്ന ആർട്ട് ഗാലറിക്ക് സമീപത്തായി ഇരുചക്രവാഹനങ്ങളും ധർമശാല പെട്രോൾ പമ്പിന്റെ സമീപത്തുള്ള വെസ്റ്റേൺ ഇന്ത്യ ഗ്രൗണ്ടിലും പൊലീസ് പരേഡ് ഗ്രൗണ്ടിന് എതിർവശം ദേശീയപാതക്കരികിലുമായി കാറുകളും പാർക്ക് ചെയ്യാനുള്ള സൗകര്യം സംഘാടകസമിതി ഏർപ്പെടുത്തിയിട്ടുണ്ട്.
ഫെസ്റ്റിവലിനെത്തുന്ന വലിയ വാഹനങ്ങൾ കെൽട്രോണിന് സമീപത്ത് ദേശീയപാതക്ക് ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യേണ്ടതാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഇതിന് പുറമെ നഗരസഭക്ക് പിറകിലുള്ള മാങ്കടവ് റോഡിലെ റെഡ്സ്റ്റാർ ക്ലബിന് സമീപത്തുള്ള ഗ്രൗണ്ടിലും മറ്റുമായി കാറുകളും ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യം കൂടി ഏർപ്പാട് ചെയ്തിട്ടുണ്ട്.
ഫെസ്റ്റിവലിനു വരുന്ന ആളുകൾ ഒരുകാരണവശാലും ധർമശാല - പറശ്ശിനിക്കടവ് റോഡിന്റെ ഇരുവശങ്ങളിലായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.