ദേശീയപാത നിർമാണം; അന്ന് പൊടിയിൽ കുളി, ഇന്നു ചളിയിൽ ഇഴയൽ
text_fieldsതളിപ്പറമ്പ്: വേനൽക്കാലത്ത് പൊടിയിൽ മുങ്ങി കഷ്ടപ്പെട്ടവർ മഴ പെയ്തതോടെ ചളിയിൽ തുഴയേണ്ട സ്ഥിതി. ദേശീയപാത ബൈപാസ് റോഡ് നിർമാണ പ്രവൃത്തിയെത്തുടർന്ന് റോഡ് തകർന്നും ചളിനിറഞ്ഞും മതിലുകൾ തകർന്നും ദുരിതത്തിലായ മാന്ധംകുണ്ട്, കീഴാറ്റൂർ പ്രദേശത്തെ ജനങ്ങൾ സമരത്തിനൊരുങ്ങുകയാണ്. പാളയാട് - പുളിമ്പറമ്പ് റോഡിൽ മാന്ധംകുണ്ടിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നതും ചളിയിൽ പൂണ്ടുപോകുന്നതും നിത്യസംഭവമായി. കാൽനടപോലും ദുഷ്കരമായി.
വേനൽക്കാലത്ത് റോഡ് പ്രവൃത്തി തുടങ്ങിയപ്പോൾത്തന്നെ, മഴക്കാലമെത്തുന്നതോടെ ഈ പ്രദേശത്ത് ഉണ്ടാകാവുന്ന ദുരിതങ്ങളെക്കുറിച്ച് നാട്ടുകാർ അധികാരികളെ ധരിപ്പിച്ചിരുന്നു. രണ്ടാഴ്ചമുമ്പ് പ്രദേശവാസികൾ ഒപ്പുശേഖരണം നടത്തി ആർ.ഡി.ഒക്കും തഹസിൽദാർക്കും പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച തഹസിൽദാർ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
മേൽപാലം നിർമിക്കുന്നതിനായി പൈലിങ് നടത്തുമ്പോൾ വീടുകൾ കുലുങ്ങുന്നതും ജനങ്ങളിൽ ആശങ്കയുയർത്തുന്നുണ്ട്. രണ്ടു സ്ഥലത്തായി മതിലുകൾ റോഡിലേക്ക് തകർന്നുവീണതും ദുരിതമായിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്ക് എതിരല്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം വന്നതോടെ സമരത്തിന് നിർബന്ധിതരാവുകയാണെന്നും നാട്ടുകാർ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതുവരെ പ്രവൃത്തി തടഞ്ഞുകൊണ്ട് സമരം നടത്താനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.