ദേശീയപാത വികസനം: തളിപ്പറമ്പിൽ അടിപ്പാതകൾ നിർമിക്കും
text_fieldsതളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിവിധയിടങ്ങളിൽ അടിപ്പാതകളും മേൽപാതകളും അനുവദിച്ചു. 12 മീറ്റർ വീതിയിലും നാലു മീറ്റർ ഉയരത്തിലും അനുവദിച്ച അടിപ്പാതകൾ കോരൻപീടികയിൽ കൊട്ടിയൂർ നന്മഠം അമ്പലത്തിന് സമീപവും കുപ്പം പാലത്തിന് സമീപവും കുറ്റിക്കോൽ പാലത്തിന് സമീപവും ആയി മൂന്നെണ്ണവും 10 മീറ്റർ നീളത്തിലും നാലു മീറ്റർ ഉയരത്തിലുമായി കീഴാറ്റൂർ തിട്ടയിൽ പാലത്തിന് സമീപവും 10 മീറ്റർ നീളത്തിലും മൂന്നു മീറ്റർ ഉയരത്തിലും കീഴാറ്റൂർ-പ്ലാത്തോട്ടം റോഡ്, കൂവോട്-മുള്ളൂൽ-ഏഴാം മൈൽ റോഡ്, കൂവോട്-തുരുത്തി റോഡിൽ കുറ്റിക്കോൽ പാലത്തിന് സമീപം എന്നിങ്ങനെയും 12 മീറ്റർ നീളത്തിലും 5.5 മീറ്റർ ഉയരത്തിലും കുപ്പം-പഴയങ്ങാടി റോഡിലുമാണ് അടിപ്പാത നിർമിക്കുക.
12 മീറ്റർ വീതിയിലും 37 മീറ്റർ നീളത്തിലുമുള്ള മേൽപാലം തളിപ്പറമ്പ്-പട്ടുവം റോഡിൽ പുളിമ്പറമ്പിന് സമീപം നിർമിക്കും. ഇതുകൂടാതെ 70 മീറ്റർ നീളത്തിൽ മൂന്നു സ്പാനുകളോട് കൂടിയ രണ്ടു ഫ്ലൈഓവറുകൾ ബക്കളം-കടമ്പേരി റോഡിലും, ധർമശാല-പറശ്ശിനിക്കടവ് റോഡിലും നിർമിക്കും. നേരത്തെ ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുകയും ഇത് ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണുന്നതിന് എം.വി. ഗോവിന്ദൻ എം.എൽ.എ നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇതിന്റെയടിസ്ഥാനത്തിലാണ് പാതകൾ യാഥാർഥ്യമാകുന്നത്. ഈ സംവിധാനങ്ങൾ വരുന്നത്തോടെ തളിപ്പറമ്പിലെയും പരിസര പ്രദേശങ്ങളിലെയും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പൂർണമായും ജനങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങളിലാണ് പുതിയ പാതകൾ അനുവദിക്കപ്പെട്ടതെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.