പറശ്ശിനിയിലെ നായ്ക്കൾക്ക് അന്നമൂട്ടി നിർമലും ഭാര്യയും
text_fieldsതളിപ്പറമ്പ്: ലോക്ഡൗണിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം അടച്ചിട്ടതോടെ ക്ഷേത്രത്തെ ആശ്രയിച്ചു കഴിയുന്ന തെരുവുനായ്ക്കളും ദുരിതത്തിലായി. ഇൗ നായ്ക്കൾക്ക് ആശ്രയമാവുകയാണ് പറശ്ശിനി മടപ്പുര കുടുംബാംഗവും ജീവനക്കാരനുമായ നിർമലും ഭാര്യ റഷിജ നിർമലും.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് ചുറ്റുമുള്ള നായ്ക്കൾക്ക് ഇപ്പോൾ അന്നദാതാക്കളാണ് ഇവർ. മുൻകാലങ്ങളിൽ തീർഥാടകരും ക്ഷേത്രജീവനക്കാരുമെല്ലാം തെരുവ് നായ്ക്കളെ പരിപാലിക്കുമായിരുന്നു. എന്നാൽ, രണ്ടാം ലോക്ഡൗണിന് മുമ്പുതന്നെ പറശ്ശിനി ക്ഷേത്രം വാർഡ് കണ്ടെയ്ൻമെൻറ് സോൺ ആയതിനാൽ പറശ്ശിനി അമ്പലത്തിലും ഭക്തർക്ക് പ്രവേശനം താൽക്കാലികമായി നിർത്തിയിരുന്നു. ഇതോടെ ആരും എത്താതായതിനാൽ തെരുവ് നായ്ക്കളും ദുരിതത്തിലായി. ഇത് മനസ്സിലാക്കിയാണ് നിർമലും ഭാര്യ റഷിജയും എല്ലാദിവസവും ഉച്ചക്ക് ഇവക്ക് ഭക്ഷണപ്പൊതിയുമായി എത്തുന്നത്. വീട്ടിൽ നിന്ന് പാകം ചെയ്ത ചോറും ഇറച്ചിയും മത്സ്യവും ഒക്കെയാണ് നൽകുന്നത്.
ഇപ്പോൾ 40 ദിവസത്തോളമായി എല്ലാദിവസവും ഈ ദമ്പതികൾ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. ക്ഷേത്രം ട്രസ്റ്റിയുടെ പൂർണ പിന്തുണയും ഇവർക്കുണ്ട്. ഭക്ഷണത്തിനുള്ള അരി ക്ഷേത്രം വഴി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.