പറശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം തുറന്നില്ല: പ്രതിഷേധവുമായി നഗരഭരണാധികാരികൾ
text_fieldsതളിപ്പറമ്പ്: പറശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച അടച്ചിട്ടതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും നഗരഭരണാധികാരികളും. ഞായറാഴ്ച ഉച്ചവരെയാണ് ഒ.പി ക്രമീകരിച്ചിരുന്നതെങ്കിലും 10 മണിക്കു ശേഷവും ഡോക്ടർമാരോ മറ്റു ജീവനക്കാരോ എത്തിയിരുന്നില്ല.
ഞായറാഴ്ചകളിൽ ഉച്ചവരെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരം വരെയുമാണ് പറശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി സമയം ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ, ഞായറാഴ്ച 10 മണിക്കു ശേഷവും ഒ.പി തുറന്നുപ്രവർത്തിക്കുവാനോ മരുന്നുകൾ വാങ്ങുവാനെത്തുന്നവർക്ക് മരുന്നു നൽകുവാനോ ആരും ഇല്ലാത്ത അവസ്ഥയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
പതിനായിരക്കണക്കിന് തീർഥാടകർ എത്തുന്ന പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്താണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തീർഥാടകന് ചികിത്സ വൈകിയതിനാൽ ജീവൻ നഷ്ടപ്പെട്ട സംഭവമുണ്ടായെന്നും ഞായറാഴ്ച ഉച്ചവരെ നിർബന്ധമായും ഒ.പി പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
രാവിലെ 10 കഴിഞ്ഞിട്ടും പറശിനിക്കടവ് കുടുംബാരോഗ്യ തുറന്നില്ലെന്നറിഞ്ഞ് നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞിയോടൊപ്പം നഗരസഭ ചെയർമാൻ പി. മുകുന്ദനും സ്ഥലത്തെത്തി. മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. നേരത്തേ ഡോക്ടർമാർ കുറവായിരുന്നപ്പോൾ എല്ലാ ദിവസവും ഉച്ചവരെയാണ് ഒ.പി പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നാലു ഡോക്ടർമാരും അതിനനുസരിച്ച മറ്റു ജീവനക്കാരുമുണ്ട്.
ഞായറാഴ്ച ഉച്ചവരെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരം വരെയുമാണ് ഇപ്പോൾ ഒ.പി പ്രവർത്തന സമയം. തികഞ്ഞ അനാസ്ഥയാണ് ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എൻ.എച്ച്.എം, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയെന്നും അടിയന്തര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.