തളിപ്പറമ്പിൽ കുടിവെള്ളത്തിൽ മല സാന്നിധ്യം
text_fieldsതളിപ്പറമ്പ്: പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തളിപ്പറമ്പ് നഗരസഭ ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുടിവെള്ളത്തിന്റെ പരിശോധനയിൽ മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ജില്ല ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച നഗരസഭ പിടിച്ചെടുത്ത ജാഫർ എന്ന പേരിൽ ഉള്ള കുടിവെള്ള വിതരണക്കാരുടെ ജലം കേരള വാട്ടർ അതോറിറ്റിയുടെ ലാബിൽ ടെസ്റ്റ് ചെയ്തതിൽ ആണ് ഇ കോളി ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മനുഷ്യ മലത്തിലാണ് ഈ ബാക്റ്റീരിയ ഉണ്ടാകുന്നത്. കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തിൽ ഒരു കാരണവശാലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാൻ പാടില്ല. ഈ കുടിവെള്ളം വിതരണം ചെയ്തവരുടെ ടാങ്കറും ഗുഡ്സ് ഓട്ടോയും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പിടിച്ചെടുത്തിരുന്നു.
കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴയിൽ സ്ഥിതിചെയ്യുന്ന കിണറിൽനിന്നാണ് ഇവർ കുടിവെള്ളത്തിനായി വെള്ളം എടുക്കുന്നതായി പറയുന്നത്. ആ കിണർ ആരോഗ്യവകുപ്പ് വിഭാഗം അധികൃതർ സന്ദർശിക്കുകയും കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ക്ലോറിനേഷൻ നടത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് കുടിവെള്ള വിതരണക്കാർ ഹാജരാക്കിയത് പ്രകാരം ശുദ്ധതയുള്ളതാണ്. അതേസമയം, വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയത് ആയിരിക്കാമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. എം. പീയുഷ് നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിൻ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. അഷ്റഫ്, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവൻ, പവിത്രൻ, ആര്യ എന്നിവരും മുനിസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം അധികൃതരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.