തളിപ്പറമ്പ് സി.പി.എമ്മിലെ ചേരിപ്പോര്; പാർട്ടി സ്ഥാപനത്തിൽ കരിങ്കൊടിയും പോസ്റ്ററുകളും
text_fields
തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിലുണ്ടായ ചേരിപ്പോരിെൻറ ഭാഗമായി സി.പി.എം നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ലോക്കൽ സെക്രട്ടറിയെ വിമർശിക്കുന്ന പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ പുല്ലായ്ക്കൊടി ചന്ദ്രനെ രണ്ടാമതും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവുമായി മാന്ധംകുണ്ടിലെ സി.പി.എം നിയന്ത്രണത്തിലുള്ള കെ.ആർ.സി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടി നിയന്ത്രിക്കുന്ന യുവധാര ക്ലബും ഇതേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 'സി.പി.ഐയെ നശിപ്പിച്ചു, ഇനി സി.പി.എം ആണോ ലക്ഷ്യം, സി.പി.ഐ നേതാക്കൾ കാണിച്ച ആർജവം സി.പി.എം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയെ രക്ഷിക്കാൻ' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. മാന്ധംകുണ്ട്, പാളയാട് സഖാക്കളുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ സി.പി.ഐയിൽനിന്ന് സി.പി.എമ്മിലെത്തിയ വ്യക്തിയാണ് ഇപ്പോഴത്തെ ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ.
സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ ഒരുവിഭാഗം ആളുകളെ പുതിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് മുൻ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. അതിന് പിന്നാലെയാണ് ലോക്കൽ നേതൃത്വത്തിനെതിരെ മാന്ധംകുണ്ട്, പാളയാട് മേഖലകളിൽ പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടത്. 'ഒരു കമ്യൂണിസ്റ്റുകാരെൻറ കൈയിൽ രണ്ടു തോക്കുകൾ ഉണ്ടാകണം, ഒന്ന് വർഗശത്രുവിന് നേരെയും മറ്റൊന്ന് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിന് നേരെയും' എന്ന ഹോചിമിൻ വചനങ്ങളും പോസ്റ്ററിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.