ചെങ്കൽ ക്വാറികളിൽ റവന്യൂവിഭാഗം പരിശോധന; ലോറികൾ പിടിച്ചെടുത്തു
text_fieldsതളിപ്പറമ്പ്: തഹസില്‍ദാറുടെ നേതൃത്വത്തില്‍ ചുഴലി വില്ലേജിലെ ചെങ്കല്‍പണകളില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പണകള്‍ പൂട്ടിക്കുകയും ചെങ്കല്‍ കടത്താനെത്തിയ ആറ് ലോറികള്‍ പിടികൂടുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതല്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ ഇ.എം. റെജിയുടെ നേതൃത്വത്തില്‍ ചുഴലി വില്ലേജിലെ മാവിലംപാറയില്‍ പരിശോധന ആരംഭിച്ചു.
ഈ പ്രദേശത്ത് ദേവസ്വംഭൂമി കൈയേറി ചെങ്കല്‍ഖനനം നടത്തുന്നതായി നേരത്തേ പരാതി ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പുതന്നെ അനധികൃത ചെങ്കല്‍ ഖനനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പരിശോധന നടത്തുകയും അനധികൃത പണകളില്നിന്ന് കല്ലുകൊത്ത് യന്ത്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് താലൂക്കിലെ മുഴുവന്‍ അനധികൃത ചെങ്കല്‍ ഖനനവും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചുഴലി വില്ലേജില്‍ പരിശോധന നടത്തിയതെന്നും പിടിച്ചെടുത്ത വാഹന ഉടമക്കെതിരെയും ചെങ്കല്‍പണ ഉടമകള്‍ക്കെതിരെയും നടപടിയെടുക്കുമെന്നും തഹസില്‍ദാര്‍ ഇ.എം. റെജി പറഞ്ഞു.
ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. മനോഹരന്, ടി.വി. കൃഷ്ണരാജ്, എ. മാനസന്, എ. ജയന്, റവന്യൂ ജീവനക്കാരായ സി.കെ. രാഘവന്, എ.പി. രാജന്, ഒ. നാരായണന്, സബിന്‍കുമാര്‍, ചുഴലി വില്ലേജ് ഓഫിസര്‍ ടി.വി. രാജേഷ്, ജീവനക്കാരന് ബാലകൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. താലൂക്കിലെ മുഴുവന്‍ അനധികൃത ചെങ്കല്‍ ഖനനവും പൂട്ടിക്കുന്നതുവരെ പരിശോധന തുടരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.