വിരലിൽ 'കുടുങ്ങുന്ന' മോതിരങ്ങൾ; അശ്രദ്ധയെന്ന് അഗ്നിരക്ഷ സേന
text_fieldsതളിപ്പറമ്പ്: അശ്രദ്ധയോടെ മോതിരം ധരിച്ച് വിരലിൽ കുടുങ്ങിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നതായി അഗ്നിരക്ഷ സേന. കഴിഞ്ഞ ഒരുവർഷത്തിനിടെ തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തിൽ നിരവധി പേരാണ് എത്തിയത്.
ഫാൻസി കടകളിൽനിന്ന് വാങ്ങുന്ന സ്റ്റീൽ മോതിരങ്ങൾ കുടുങ്ങി വിരൽ വികൃതമായ രീതിയിലാണ് മിക്കയാളുകളും അഗ്നിരക്ഷ സേനയുടെ സഹായം തേടുന്നത്. സ്വർണവും വെള്ളിയും ഉപയോഗിച്ച് നിർമിച്ച മോതിരങ്ങളും അഴിക്കാൻ പറ്റാത്ത നിലയിൽ എത്താറുണ്ട്.
കഴിഞ്ഞദിവസം വില കൂടിയ പ്രാവുകളുടെ കാലിൽ കുടുങ്ങിയ മോതിരം മുറിച്ച് രക്ഷപ്പെടുത്താനും ഉടമസ്ഥർ അഗ്നിശമന സേനയുടെ സഹായം തേടിയിരുന്നു. കൂടാതെ, വാഹനാപകടങ്ങളിലും മറ്റും കുടുങ്ങിപ്പോകുന്ന വളകളും മോതിരങ്ങളും മുറിച്ചുമാറ്റാൻ ആശുപത്രി അധികൃതർ അഗ്നിശമന സേനയെ സമീപിക്കാനാണ് നിർദേശിക്കുന്നത്.
'ഷിയേർസ്' ഉപയോഗിച്ചാണ് മോതിരം സുരക്ഷിതമായി മുറിച്ചെടുക്കുന്നത്. കഴിഞ്ഞ ഒരുവർഷമായി ഇതുപോലെ മുറിച്ചെടുത്ത മോതിരങ്ങൾ സേനാംഗങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇറുകിയ ഫാൻസി മോതിരങ്ങൾ ധരിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദിവസേന മോതിരം അഴിച്ചുവെക്കാൻ ശ്രദ്ധിക്കണമെന്നും അടിയന്തരഘട്ടത്തിൽ അഗ്നിരക്ഷ സേനയുടെ സഹായം തേടാമെന്നും തളിപ്പറമ്പ് ഫയർ സ്റ്റേഷൻ ഓഫിസർ രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.