പരിയാരത്ത് വീടിന്റെ ജനൽ തകർത്ത് കവർച്ച
text_fieldsതളിപ്പറമ്പ്: പരിയാരം ചിതപ്പിലെപൊയിലില്‍ വീട് തകർത്ത് വന്‍ കവര്‍ച്ച. 35 പവന് സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി രേഖകളും കവർന്നു. പളുങ്കുബസാറിലെ നാജിയ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് കവർച്ച ശ്രദ്ധയിൽപെട്ടത്.
അബ്ദുള്ളയും കുടുംബവും രാത്രി എട്ടോടെ വീട് പൂട്ടി സമീപത്തുള്ള പള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. രാത്രി 12ന് ശേഷം പള്ളിയില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയില്‍പെട്ടതെന്ന് ഇവർ പറഞ്ഞു.
വീടിന്റെ പിന്നിലെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മുകൾ നിലയിലെ മുറികളിൽ ഉൾപ്പെടെ കയറി ഷെൽഫുകളിലുള്ള സാധനങ്ങൾ വലിച്ചിട്ട നിലയിലാണ്. സി.സി.ടി.വി കാമറ പരിശോധിച്ചതില്‍ രാത്രി 9.50ന് ഗ്രില്‍സ് മുറിക്കുന്നതിന്റെ തീപ്പൊരി വെളിച്ചം കാണുന്നുണ്ട്.
രാത്രി തന്നെ പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്താണ് കവര്‍ച്ച നടന്നത്. പരിയാരം പൊലീസ് പരിധിയില്‍ സമീപകാലത്തായി 20ഓളം മോഷണക്കേസുകൾ നടന്നെങ്കിലും ഒരു പ്രതിയെപ്പോലും പിടിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. തുടര്‍ച്ചയായി നടക്കുന്ന മോഷണം പൊതുജനങ്ങളെ ഭീതിയിലാക്കിയ സാഹചര്യത്തിൽ ഉടൻ മോഷ്ടാക്കളെ പിടികൂടിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.